THRISSUR

എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് സംവിധാനം ഒരുക്കും മന്ത്രി ജെ ചിഞ്ചുറാണി

വലപ്പാട്: ക്ഷീരകര്‍ഷകരുടെ വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിനായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് സംവിധാനം ഒരുക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വലപ്പാട് ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ ഘട്ടത്തില്‍ 29 ബ്ലാക്ക് പഞ്ചായത്തുകളില്‍ വെറ്ററിനറി ആംബുലന്‍സുകള്‍ നല്‍കി. എല്ലാ വെറ്ററിനറി സെന്ററുകളിലും ഇത്തരത്തിലുള്ള ആംബുലന്‍സുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 1962 എന്ന നമ്പറില്‍ കോള്‍ സെന്ററിലേക്ക് വിളിച്ചാല്‍ ആംബുലന്‍സും, ഡോക്ടറും കര്‍ഷകരുടെ വീട്ടുമുറ്റത്ത് എത്തും. മൃഗസംരക്ഷണ സേവനങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തിക്കാന്‍ എ-ഹെല്‍പ് പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി 439 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. കന്നുകാലികള്‍ക്ക് റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുന്ന ഇ-സമൃദ്ധ പദ്ധതിക്ക് ഏഴരക്കോടിയോളം രൂപ ചിലവിട്ട് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

മൃഗാശുപത്രിക്കായി സ്ഥലം സംഭാവന ചെയ്ത എന്‍ ടി ആര്‍ കുടുംബത്തേയും മികച്ച ക്ഷീര കര്‍ഷകരെയും മുന്‍ വെറ്ററിനറി സീനിയര്‍ സര്‍ജന്‍ ഡോ. സില്‍വന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വലപ്പാട് ഗവ. സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം പഞ്ചായത്ത് പദ്ധതി തുകയായ 70 ലക്ഷം രൂപ ചിലവഴിച്ച് 1600 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സബ് സെന്ററുകളുടെയും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഒരു ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടായിരിക്കും.

ചടങ്ങില്‍ സി.സി. മുകുന്ദന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി. വലപ്പാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.ജെ. വിനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, വൈസ് പ്രസിഡന്റ് വി.ആര്‍. ജിത്ത്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിജോഷ് ആനന്ദന്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മല്ലിക ദേവന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ. തപതി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ പട്ടാലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ആര്‍. ഷൈന്‍, വസന്ത ദേവലാല്‍, വാര്‍ഡ് മെമ്പര്‍ ബി.കെ. മണിലാല്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജെസ്സി. സി. കാപ്പന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജിതേന്ദ്രകുമാര്‍, വലപ്പാട് പഞ്ചായത്ത് സെക്രട്ടറി സി.എന്‍. ഷിനില്‍, വലപ്പാട് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജെറി തോമസ്, പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.