പ്രകൃതി ചൂഷണത്തിനുള്ളതല്ല, തലമുറകൾക്ക് കൈമാറാൻ കാലം കാത്തുവെച്ചതെന്ന് മന്ത്രി രാജൻ
ഈ പ്രകൃതി, ചൂഷണത്തിന് വിധേയമാക്കാനുള്ള ഒന്നല്ല എന്നും തലമുറകൾ കൈമാറി വരുന്നവർക്കേൽപ്പിച്ചു കൊടുക്കാൻ കാലം നമുക്ക് സമ്മാനിച്ച സമ്മാനമാണെന്നും റവന്യൂമന്ത്രി കെ രാജൻ. പ്രകൃതിയെ സംരക്ഷിച്ച് സമൂഹത്തെ മാലിന്യ മുക്തമാക്കാനും നവകേരളത്തിൻ്റെ യാത്രയിൽ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുമായി എല്ലാവരും ഒരുമിച്ച് മുന്നേറണമെന്നും മന്ത്രി പറഞ്ഞു. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനുള്ള ഹരിത പദവി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ ഏറ്റവും നല്ല വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും നല്ല ജനകീയ ആസൂത്രണ പ്രക്രിയയിൽ കുടുംബശ്രീ നടക്കുന്ന സ്ഥലം കേരളമാണ്. ലോകത്തിനു മുൻപിൽ മേന്മ ലഭിക്കാൻ കഴിയുന്ന എത്രയോ അനുഭവങ്ങളിലൂടെ ഇന്ത്യ നടക്കുന്നതിന് മുമ്പേ നടക്കുന്ന സംസ്ഥാനമായി കേരളം മാറി. പക്ഷേ, കേരളം മാലിന്യ മുക്തമാക്കുക എന്നത് ഇന്നും ലക്ഷ്യം കാണാതെ നിൽക്കുന്നു. ലോകം കേരളത്തിനോട് പറയും, നിങ്ങൾ പലവിധത്തിൽ ശ്രദ്ധപിടിച്ചുപറ്റുന്നവർ ആണെങ്കിലും നിങ്ങളുടെ മാലിന്യം എന്ന ഉത്തരവാദിത്വം പരിഹരിക്കാൻ നിങ്ങൾക്ക് സാധ്യമാകാതെ പോകുന്നത് എന്തുകൊണ്ടാണ് എന്ന് ?സമൂഹത്തിന്റെ മുമ്പിൽ നിങ്ങൾ മാന്യന്മാരായി നടക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുള്ളതുപോലെ നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം ആണെന്ന ബോധമണ്ഡലത്തിലേക്കു കടക്കാൻ നമുക്ക് സാധ്യമാകണം.
കോട്ടും സൂട്ടും ഒക്കെ ഇട്ട് വിലപിടിപ്പുള്ള കാർ റോഡരികിൽ നിർത്തിയ ശേഷം സ്വന്തം വീട്ടിലെ മാലിന്യം നിറച്ച കവർ സുദർശനചക്രം പോലെ ചുഴറ്റി പാടത്തേക്ക് വലിച്ചെറിയുന്നതിൽ കിട്ടുന്ന സന്തോഷം, തൻ്റെ കുട്ടിയടക്കം കുടിക്കുന്ന വെള്ളം മുഴുവൻ താൻ വലിച്ചെറിഞ്ഞ മാലിന്യത്തിന്റെ അംശം ഉളളതാണെന്ന് തിരിച്ചറിയുമ്പോഴും കിട്ടുമോ?
നമ്മുടെ നീർച്ചാലുകൾ മുഴുവൻ വിഷമാലിന്യം കൊണ്ട് നിറയ്ക്കുന്നതിൽ മറ്റൊരാൾക്കും ഉത്തരവാദിത്വമില്ല. സ്വന്തം ശരീരം പോലെ വീടും സമൂഹവും വൃത്തിയാക്കി എടുക്കാനുള്ള വലിയ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
കേരള കാർഷിക സർവകലാശാലയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി അധ്യക്ഷത വഹിച്ചു. ബ്ലോക്കിനു കീഴിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രൻ (പാണഞ്ചേരി), ഇന്ദിര മോഹൻ (മാടക്കത്തറ), മിനി ഉണ്ണികൃഷ്ണൻ (പുത്തൂർ), ശ്രീവിദ്യ രാജേഷ് (നടത്തറ) എന്നിവരും മറ്റു ജനപ്രതിനിധികളും മാലിന്യ മുക്ത കേരളം ജില്ലാ ഓഫീസർ ദീപിക ഉൾപ്പടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
