THRISSUR

ആനപരിപാലന പരിശീലനം സംഘടിപ്പിച്ചു

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയും വനം-വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് എറണാകുളം സെന്‍ട്രല്‍ റീജിയണിലുള്‍പ്പെടുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്കായി ആനപരിപാലനത്തില്‍ ഏകദിനപരിശീലനപരിപാടി സംഘടിപ്പിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജ് സെമിനാര്‍ ഹാളില്‍ നടത്തിയ പരിശീലനം എറണാകുളം സെന്‍ട്രല്‍ റീജിയണ്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇന്ദു വിജയന്‍ ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സര്‍വ്വകലാശാലയുടെ ആന ഗവേഷണ കേന്ദ്രത്തിന്റെയും സംരംഭകത്വ വിഭാഗത്തിന്റെയും ഡയറക്ടറായ ഡോ. ടി എസ് രാജീവ് മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജിതേന്ദ്രന്‍, സിവിഒ ഡോ. ഷാഹിന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് കെ. മനോജ് സ്വാഗതവും വെറ്ററിനറി കോളേജ് ട്രെയിനിങ് കോര്‍ഡിനേറ്റര്‍ ഡോ. സുബിന്‍ കെ മോഹന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് എറണാകുളം ഫ്‌ലൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ മനു സത്യന്‍, ഡോ. ടി. എസ്. രാജീവ്, ഡോ. പി. ബി. ഗിരിദാസ്, ഡോ. പൊന്നുമണി, ഡോ. ബിനു ഗോപിനാഥ് എന്നിവര്‍ കാട്ടാനകളുടെയും നാട്ടാനകളുടെയും പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നയിച്ചു. എറണാകുളം സെന്‍ട്രല്‍ റീജിയണില്‍ നിന്നുള്ള എഴുപതോളം വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.