THRISSUR

ഉപയോഗശൂന്യമായ പേന വലിച്ചെറിയരുത്

തൃശൂർ : പേന ഉപയോഗിച്ചുകഴിഞ്ഞാല്‍ ഇനി മുതല്‍ വലിച്ചെറിയരുത്. ഉപയോഗിച്ച പേന സൂക്ഷിക്കാന്‍ ജില്ലയിലെ എല്ലാ സ്‌കൂളിലും ഓരോ പെട്ടി സ്ഥാപിക്കുന്നു. ഇത്തരത്തില്‍ 1024 സ്‌കൂളുകളില്‍ പെന്‍ ബോക്‌സ് അഥവാ പേനപ്പെട്ടി സജ്ജീകരിക്കും. ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കുന്ന സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ ഇവ ശേഖരിച്ച് മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി സംസ്‌കരിക്കും.
ജില്ലാതല ഉദ്ഘാടനം അയ്യന്തോള്‍ നിര്‍മല കോണ്‍വെന്റ് യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി എന്‍ സുര്‍ജിത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ കെ അജിതകുമാരി, സമേതം പരിപാടികളുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ടി വി മദനമോഹനന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, അസി. കോര്‍ഡിനേറ്റര്‍ മുര്‍ഷീദ്, മാലിന്യമുക്ത നവകേരളം കോര്‍ഡിനേറ്റര്‍ കെ ബി ബാബുകുമാര്‍, തൃശൂര്‍ വെസ്റ്റ് എ.ഇ.ഒ പി ജെ ബിജു, ഈസ്റ്റ് എ.ഇ.ഒ പി എം ബാലകൃഷ്ണന്‍, സി ഹിത ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.