THRISSUR

പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ വികസന സമിതി

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി. പദ്ധതികൾ കൃത്യമായി സമയക്രമമുണ്ടാക്കി അത് പാലിച്ച് മുന്നോട്ട് പോണം. നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള തടസ്സങ്ങള്‍ ജനപ്രതിനിധികളുടെ പിന്തുണയോടെ ഇതര വകുപ്പുകളുടെ സഹകരണത്തോടെ നീക്കി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകണമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ നിർവ്വഹണ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. ഹരിത കേരള മിഷന്‍, ആര്‍ദ്രം മിഷന്‍, വിദ്യാകിരണം, ലൈഫ് മിഷന്‍, എംഎല്‍എമാരുടെ എസ്ഡിഎഫ്, എഡിഎഫ്, എംപിഎല്‍എഡിഎസ് ഫണ്ട്, കോട്പ എന്നിവയ്‌ക്കൊപ്പം ദേശീയ പാതയിലെ നിര്‍മ്മാണ പുരോഗതി, സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം തുടങ്ങി വിവിധ വകുപ്പുകളുടെ എഴുപതോളം പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. എംഎല്‍എമാരായ എന്‍.കെ.അക്ബര്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ.കെ.രാമചന്ദ്രന്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി എം.എല്‍. റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, വൈസ് പ്രസിണ്ട് ലത ചന്ദ്രന്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, കേന്ദ്രമന്ത്രിയുടെയും, റവന്യു മന്ത്രിയുടേയും ചാലക്കുടി എംപിയുടേയും പ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാ തല നിര്‍വ്വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.