രാത്രികാല ട്രോളിംഗിനെതിരെ നാട്ടികയിൽ പ്രതിഷേധം
നാട്ടിക: തീരക്കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്ന രാത്രികാല ട്രോളിംഗിനെതിരെ സംയുക്ത മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നാട്ടിക മത്സ്യ ഭവനിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി.
ലൈസൻസ് ഇല്ലാത്ത ബോട്ടുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം, അശാസ്ത്രീയ മത്സ്യബന്ധനം നിരോധിക്കാൻ നിയമനിർമ്മാണം നടത്തണം, നാലുമാസമായി മുടങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളി വിധവാ പെൻഷൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

നാട്ടിക ബീച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മത്സ്യ ഭവന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡണ്ട് പി.ആർ. നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സുരേഷ്, പഞ്ചായത്തംഗങ്ങൾ കെ.ആർ. ദാസൻ, പി.വി. സെന്തിൽകുമാർ എന്നിവർ സംസാരിച്ചു.
