THRISSUR

ഭിന്നശേഷി അവാര്‍ഡ് തിളക്കത്തില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത്

തൃശൂർ: ഭിന്നശേഷി മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് സംസ്ഥാനതലത്തില്‍ തിളങ്ങി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി പുന്നയൂര്‍ക്കുളം പഞ്ചായത്ത് ജില്ലയ്ക്ക് അഭിമാനമായി.
ഭിന്നശേഷി മേഖലയില്‍ നൂറ് ശതമാനം ഫണ്ടും പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. ഭിന്നശേഷി കുട്ടികള്‍ക്കായി 50 ലക്ഷം രൂപ ചെലവില്‍ ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭിന്നശേഷി പെന്‍ഷനും നല്‍കുന്നു. പഞ്ചായത്തില്‍ നിര്‍മ്മിച്ച ജില്ലയിലെ ഏറ്റവും വലിയ അങ്കണവാടി ഭിന്നശേഷി സൗഹൃദമായാണ് പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പെട്ടിക്കട ആരംഭിക്കുന്നതിന് ധനസഹായം നല്‍കി. ആറുപേര്‍ ഇതിന്റെ ഭാഗമായി സ്വയം തൊഴില്‍ നടത്തുന്നു.
വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചു. പഞ്ചായത്തിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസില്‍ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹന വിതരണം, ഭിന്നശേഷി ഗ്രാമസഭ, വിഭിന്ന മേളനം, ബോധവത്കരണ ക്ലാസ്, മെഡിക്കല്‍ ക്യാമ്പ് എന്നിങ്ങനെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തിയാണ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്നേറിയത്.
പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തന ഫലമായാണ് പുരസ്‌കാരം ലഭ്യമായതെന്നും തുടര്‍ന്നും ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷമീര്‍ പറഞ്ഞു.