പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള റോഡും വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്
പുത്തൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്കിലേക്ക് 15 മീറ്റർ വീതിയിലുള്ള മോഡൽ റോഡിൻ്റെയും പുത്തൂർ സമാന്തര പാലത്തിൻ്റെയും നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുവാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുട്ടനല്ലൂർ ഓവർബ്രിഡ്ജ് മുതൽ പയ്യപ്പിള്ളി മൂല വരെയുള്ള റോഡിൻ്റെയും സമാന്തരപാലത്തിൻ്റെയും നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുത്തൂരിലെ മാത്രമല്ല, ജില്ലയുടെ ആകെ പുരോഗതിക്ക് കാരണമാകുന്നവയാണ് രണ്ട് പദ്ധതികളും. ഈ സർക്കാരിൻ്റെ കാലത്തു തന്നെ രണ്ട് നിർമ്മാണങ്ങളും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലുതും മനോഹരവുമായ സുവോളജിക്കൽ പാർക്ക് കാണാൻ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും പുത്തൂരിൽ എത്തുന്ന ആളുകളുടെ സഞ്ചാര അനുഭവവും മികച്ച രീതിയിൽ ആയിരിക്കണം എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. ഒല്ലൂർ മണ്ഡലത്തിൽ 51.34 കോടിയുടെ പൊതുമരാമത്ത് റോഡുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നു. കിഫ്ബിയുടെ 163 കോടിയുടെ റോഡ് പദ്ധതികളും മണ്ഡലത്തിൽ പുരോഗമിക്കുന്നു. വളരെ മികച്ച റോഡുകളാണ് മണ്ഡലത്തിലാകെ. റോഡുകളുടെ കാര്യത്തിൽ മാത്രമല്ല, ടൂറിസം ഉൾപ്പെടെ എല്ലാ മേഖലയിലും പുരോഗതി കൈവരിക്കുന്ന മണ്ഡലമായി ഒല്ലൂർ മാറി.
മൃഗശാലയ്ക്ക് പുറമെ, ആകർഷകമായ ടൂറിസം പദ്ധതികളും ഇവിടെ യാഥാർത്ഥ്യമാവുകയാണ്. ടൂറിസം രംഗത്തും വകുപ്പിൻ്റെ പിന്തുണ ഒല്ലൂരിനുണ്ടാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സ്ഥലം എംഎൽഎ കൂടിയായ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. സുവോളജിക്കൽ പാർക്കും കായൽ ടൂറിസം പദ്ധതിയും മരോട്ടിച്ചാൽ വല്ലൂർ കുത്തും പൂർണ അർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നതോടെ പുത്തൂരിലെ സാമ്പത്തിക വരുമാനം വൻതോതിൽ വർധിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. റോഡിൻ്റെയും പാലത്തിൻ്റെയും നിർമാണം ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനുള്ള ഇടപെടലുകളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനിഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. കളക്ടർ അർജുൻ പാണ്ഡ്യൻ, ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, മറ്റു ജനപ്രതിനിധികൾ, കക്ഷി നേതാക്കൾ പങ്കെടുത്തു. കെ ആർ എഫ് ബി ടീം ലീഡർ എസ് ദീപു, പൊതുമരാമത്ത് (പാലങ്ങൾ) എക്സി. എഞ്ചിനീയർ സി എം സ്വപ്ന എന്നിവർ സാങ്കേതിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഷിബു കൃഷ്ണരാജ് നന്ദി പറഞ്ഞു.
