‘ഷി @25’ കുടുംബശ്രീയുടെ മികച്ച ചരിത്ര രചന പുസ്തകം
കുടുംബശ്രീയുടെ കഴിഞ്ഞ 25 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തി കുടുംബശ്രീ അംഗങ്ങള്‍ എഴുതിയ ചരിത്രപുസ്തകം ജില്ലയിലെ 100 സി ഡി എസിലും പൂര്‍ത്തിയായി. ‘രചന’ ക്യാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങള്‍ വിലയിരുത്തി അവാര്‍ഡുകളും പ്രഖ്യാപിച്ചു. കോലഴി സി ഡി എസ് പ്രസിദ്ധീകരിച്ച ‘ഷി @25’ മികച്ച ഒന്നാമത്തെ ചരിത്ര രചന പുസ്തകത്തിനും മികച്ച കവര്‍ ഡിസൈനിങ്ങിനുമുള്ള അവാര്‍ഡും സ്വന്തമാക്കി. മികച്ച രണ്ടാമത്തെ പുസ്തകമായി വാടാനപ്പിള്ളി സി ഡി എസിന്റെ ‘സമന്വയ’ യും മികച്ച മൂന്നാമത്തെ പുസ്തകമായി മതിലകം സി ഡി എസിന്റെ ‘പെണ്‍കരുത്തിന്റെ നാഴികക്കല്ലുകള്‍’ തെരഞ്ഞെടുത്തു. മികച്ച ലേഔട്ട് വള്ളത്തോള്‍ നഗര്‍ സി ഡി എസിന്റെ ‘സ്മരണിക’യ്ക്കാണ്. പ്രത്യേക ജൂറി പരാമര്‍ശം മുള്ളൂര്‍ക്കര സി ഡി എസിന്റെ ‘ആരോഹണം’, പുത്തൂര്‍ സി ഡി എസിന്റെ ‘ഉജ്ജ്വല’, പറപ്പൂക്കര സിഡിഎസിന്റെ ‘തുല്യ സ്ത്രീ’, നെന്മണിക്കരെ സി ഡി എസിന്റെ ‘പടവുകള്‍’, കൊടകര സി ഡി എസിന്റെ ‘കനല്’, ഒരുമനയൂര്‍ സിഡിഎസിന്റെ ‘ഓര്‍മ്മയുടെ താളുകള്‍’ എന്നീ പുസ്തകങ്ങള്‍ക്കും ലഭിച്ചു. തൃശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മാനദാനം സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് അംഗം ടി കെ വാസു നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഡോ.എ. കവിത അധ്യക്ഷയായി. ‘രചന’ നോഡല്‍ ഓഫീസര്‍ കെ കെ പ്രസാദ്, കുടുംബശ്രീ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ എ സിജുകുമാര്‍, എസ് സി നിര്‍മ്മല്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. യു മോനിഷ എന്നിവര്‍ സംസാരിച്ചു. സി അച്യുതമേനോന് ഗവ. കോളജ് അസോസിയേറ്റ് പ്രൊഫസറും ഇക്കണോമിക്സ് വിഭാഗം ഹെഡുമായ ഡോ. ആര്. രമ്യ, സാഹിത്യകാരനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് തൃശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുമായ വി ആര് സന്തോഷ്, കലാസംവിധായകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ഇന്ദുലാല്‍ കാവീട് എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡിനുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്.