കബളിപ്പിക്കപ്പെട്ട ലോട്ടറി വിൽപ്പനക്കാരന് കൈത്താങ്ങായി എസ് എൻ ട്രസ്റ്റ് എൻ എസ് എസ്
തൃപ്രയാർ : സംസ്ഥാന ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിയൊട്ടിച്ച് നൽകി 6000 രൂപ കബളിപ്പിക്കപ്പെട്ട ലോട്ടറി വിൽപ്പനക്കാരൻ ചേർക്കര മൂറ്റിച്ചൂരി വീട്ടിൽ പ്രിജുവിന് തുല്യ തുകക്കുള്ള ലോട്ടറി എടുത്ത് നൽകി മാതൃകയാവുകയാണ് നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്ക്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ. ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എൻ എസ് എസ് ടീം നിലവിൽ സ്കൂളിലെ പാചകക്കാരി ദമയന്തി അമ്മക്കൊരു വീട് എന്ന പദ്ധതി പൂർത്തീകരിക്കുന്നതിനിടയിലാണ് പാവപ്പെട്ട ലോട്ടറി തൊഴിലാളി കബളിക്കപ്പെട്ട വാർത്തയറിഞ്ഞ് സഹായത്തിന് ഒരുങ്ങിയത്. എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് ലോട്ടറി വിൽപ്പനക്കാരൻ പ്രിജുവിന് ലോട്ടറി കൈമാറ്റം നൽകി നിർവഹിച്ചു. കുട്ടികൾ പോക്കറ്റ് മണിയായി കിട്ടുന്ന പൈസ സ്വരൂപിച്ച് ടിക്കറ്റ് വാങ്ങുകയും ചെയ്തു.
തൃപ്രയാർ സൂര്യദേവ് ലോട്ടറി ഏജൻസി ഉടമ സന്ദീപ് മാരാർ എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ ചെയ്ത നന്മനിറഞ്ഞ പ്രവർത്തനത്തിന് കുട്ടികളെ അഭിനന്ദിച്ചു. ചടങ്ങിൽ അധ്യാപികയായ ഷൈജ ഇ ബി, എൻ എസ് എസ് വോളന്റീർസ് ആയ ജന്ന ഫാത്തിമ. ശ്രീലക്ഷ്മി കെ യു. അതുൽ കൃഷ്ണ, മുഹമ്മദ് റയാൻ എന്നിവർ പങ്കെടുത്തു