ശ്രീ ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനം മഹോത്സവം
നാട്ടിക: നാട്ടിക ബീച്ച് ശ്രീ ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനത്തിന്റെ പ്രതിഷ്ഠാദിനവും ക്ഷേത്ര മഹോത്സവവും ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നള്ളിപ്പും ശീവേലി എഴുന്നള്ളിപ്പും നടന്നു.
വൈകിട്ട് 4 മണിയ്ക്ക് പകൽ പൂരത്തിന് കൊമ്പൻ വിനയശങ്കർ ഭഗവാന്റെ തിടമ്പേറ്റി. പ്രമുഖ മേളകലാകാരൻ പൂനാരി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മേളം ആഘോഷത്തിന് മാറ്റ് കൂട്ടി.
തുടർന്ന് ദീപാരാധന, വർണ്ണമഴ, തിരുവാതിരക്കളി, തായമ്പക, താലപ്പൊലി തുടങ്ങിയ ചടങ്ങുകളും ആഘോഷ പരിപാടികളും നടന്നു.
ക്ഷേത്രാഘോഷ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ സി.എസ്. സന്തോഷ് തന്ത്രി മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തിയായി യാദവ്, അനന്തു ശാന്തി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ.എസ്. പത്മപ്രഭ, വൈസ് പ്രസിഡന്റ് ഇ.വി. ധർമ്മൻ, സെക്രട്ടറി പി.കെ. ഹരിഹരൻ, ജോയിന്റ് സെക്രട്ടറി പി.ബി. രണൻ, ട്രഷറർ എ.എസ്. ദേവദാസ് എന്നിവർ നേതൃത്വം നൽകി.
