THRISSUR

പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങി ; അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണവും നടത്തി

തൃശ്ശൂര്‍: ജില്ലാ വനിത ശിശുവികസന ഓഫീസിന്റേയും, സങ്കല്‍പിന്റേയും (ഡിസ്ട്രിക്ട് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ) ജില്ലാ സാക്ഷരതാ മിഷന്റേയും സംയുക്ത നേതൃത്വത്തില്‍ ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര സാക്ഷരത ദിനാചരണവും നടത്തി. സാക്ഷരത ദിനത്തിന്റെ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മിനി ഹാളിലായിരുന്നു ദിനാചരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മീരാ പി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, ധന്യ കെ.എസ് (പച്ച മലയാളം, ടീച്ചര്‍ ), സുജിത്ത് ബി. എസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരത മിഷന്‍ തൃശ്ശൂരിന്റെ ഏറ്റവും പ്രായം കൂടിയ പത്താംതരം തുല്യത പഠിതാവായ അബ്ദുല്‍ വഹാബ് എന്‍ ബി യെ ആദരിച്ചു. തുടര്‍ന്ന് ആദ്യ സെഷനില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് വേണ്ട വിവിധ പദ്ധതികള്‍,വിവിധ വായ്പ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ അജിത് കുമാര്‍ വിശദീകരിച്ചു. രാജ്യത്തെ എല്ലാ പൗരന്‍മാരേയും അംഗീകൃത സമ്പത് ഘടനയുടെ ഭാഗമാക്കുക, ബാങ്ക് അക്കൗണ്ടുള്ള 18 വയസു പൂര്‍ത്തിയായ എല്ലം പൗരന്‍മാരേയും സര്‍ക്കാരിന്റെ സുരക്ഷാ പദ്ധതികളായ സുരക്ഷാ ബീമ യോജന, ജീവന്‍ ജ്യോതി ബീമാ യോജന അടല്‍പെന്‍ഷന്‍ യോജന എന്ന പദ്ധതികളില്‍ വളരെ തുച്ചമായ സംഖ്യ അടച്ച് അംഗങ്ങളാകാവുന്നതാണന്നത് രണ്ടാം സെഷനില്‍ ഒല്ലൂക്കര ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ സണ്ണി എ.പി വിശദീകരിച്ചു. തുടര്‍ന്ന് ഫാക്കല്‍റ്റി സരിത പി.സി വിവിധ പരിശീലന പദ്ധതികളെക്കുറിച്ചും സംസാരിച്ചു. സങ്കല്‍പ് ഡിസ്ട്രിക്ട് മിഷന്‍ കോഓര്‍ഡിനേറ്റര്‍ വിന്‍സന്റ് പി ഡി, സാക്ഷരതാ ജില്ലാ മിഷന്‍ പ്രേരക് അംഗങ്ങളും സങ്കല്‍പ് അംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം 75 ഓളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.