സംസ്ഥാന ഭിന്നശേഷി ദിനാചരണം തൃശ്ശൂരില്‍ നടക്കും; സംഘാടകസമിതി രൂപീകരിച്ചു
അന്താരാഷ്ട്ര ഭിന്നശേഷിദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭിന്നശേഷി ദിനാചരണം ഡിസംബര്‍ 3 ന് തൃശ്ശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനതല ഭിന്നശേഷി ദിനാചരണത്തിന്റെ ആലോചനായോഗവും സംഘാടക സമിതി രൂപീകരണവും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തൃശ്ശൂര്‍ കളക്ടറേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം. ടി. മുരളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ പി. മീര, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോയ്‌സി സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഭിന്നശേഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ഭിന്നശേഷി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
സംഘാടക സമിതി രക്ഷാധികാരിയായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജനെയും, ചെയര്‍പേഴ്‌സണായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിനെയും, ജനറല്‍ കണ്‍വീനറായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്കയെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഈ രംഗത്ത് ശ്ലാഘനീയമായരീതിയില്‍ പ്രവര്‍ത്തിച്ച വ്യക്തികളേയും സ്ഥാപനങ്ങളെയും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തുന്ന ഭിന്നശേഷി പുരസ്‌കാരങ്ങള്‍ നല്‍കി വേദിയില്‍ ആദരിക്കുമെന്നും ഡോ. ആര്‍. ബിന്ദു അറിയിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടേയും ‘റിഥം’ ട്രൂപ്പിന്റെയും വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും.
