സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാൽ നൂറ്റാണ്ടിനു ശേഷം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍. 1008 പോയിൻ്റ് നേടിയാണ് സ്വര്‍ണക്കപ്പ് നേടിയത്. 1007 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 1003 പോയിൻ്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1999 കൊല്ലം കലോത്സവത്തിലാണ് തൃശൂർ അവസാനമായി കപ്പ് നേടിയത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രധാന വേദിയായ എംടി– നിളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികളായെത്തും . ജേതാക്കൾക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും.
