കലക്ടറുടെ അതിഥികളായി എരുമപ്പെട്ടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
ആദ്യമായി കലക്ടറേറ്റിലെത്തി ജില്ലാ കലക്ടറെ നേരിട്ടു കാണുന്നതിന്റെ ആകാംക്ഷയിലായിരുന്നു എരുമപ്പെട്ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനു ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കലക്ടര്‍’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എരുമപ്പെട്ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. വളരെ സ്നേഹത്തോടെ കുട്ടികളെ സ്വീകരിച്ചിരുത്തി വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ആദ്യമൊരു മടിയൊക്കെയുണ്ടായെങ്കിലും പിന്നീട് ആവേശത്തോടെ കുട്ടികളോരോരുത്തരായി സംസാരിച്ചുതുടങ്ങി. സിവില്‍ സര്‍വ്വീസ് നേടാന്‍ എന്തുചെയ്യണം… സിവില്‍ സര്‍വ്വീസിലെ വെല്ലുവിളികള്‍.. കലക്ടര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.
വിദ്യാര്‍ത്ഥികള്‍ പൊതുവായ പ്രശ്നങ്ങളും തങ്ങളുടെ സ്‌കൂളിലെ പ്രശ്നങ്ങളും കളക്ടറുമായി സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും നേരിടുന്ന യാത്രാ പ്രശ്നവും സ്‌കൂളിലെ അടിസ്ഥാന വികസനവും ഗ്രൗണ്ട് നവീകരണവും ലാബിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹായം നല്‍കണമെന്നും കലക്ടറോട് പറഞ്ഞു. ജില്ലയിലെ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളും യുവതീയുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും, ദുരന്തനിവാരണം, നീന്തല്‍ ക്ലാസുകള്‍ എന്നിവയുടെ പരിശീലനം ആവശ്യമാണെന്നും കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാ ചോദ്യങ്ങളും ക്ഷമയോടെ കേട്ടിരുന്ന കലക്ടര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കി. കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ചചെയ്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാം. വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ് ജീവനക്കാര്‍ക്കായി പ്രത്യേക പരിശീലനം നല്‍കാമെന്നും കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി ആവശ്യമെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്പെഷ്യല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടിയെടുക്കാമെന്നും കലക്ടര്‍ പറഞ്ഞു.