THRISSUR

മുനക്കകടവിൽ വള്ളം എന്‍ജിന്‍ നിലച്ചു; കടലില്‍ കുടുങ്ങിയവരെ രക്ഷിച്ചു

മുനക്കകടവ്: കേന്ദ്ര – സംസ്ഥാന കാലാവസ്ഥ വകുപ്പുകളുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് മുനക്കകടവ് നിന്നും മത്സ്യബന്ധനത്തിന് പോയതിനെ തുടര്‍ന്ന് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ റോയല്‍ എന്ന വള്ളവും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ ചേറ്റുവ വടക്ക് പടിഞ്ഞാറ് കടലില്‍ കുടുങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശി അലി അഹമ്മദിന്റെ ഉടമസ്ഥതയിലുളള വള്ളവും 40 മത്സ്യത്തൊഴിലാളികളെയുമാണ് രക്ഷിച്ചത്.

രാവിലെ 06.45 മണിയോടുകൂടിയാണ് വള്ളം കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ വി.എന്‍ പ്രശാന്ത് കുമാര്‍, ഇ.ആര്‍ ഷിനില്‍കുമാര്‍, വി.എം ഷൈബു എന്നിവരുടെ നേതൃത്വത്തില്‍ കോസ്റ്റല്‍ സി.പി.ഒ ബിബിന്‍, സീ റെസ്‌ക്യൂ ഗാര്‍ഡായ പ്രമോദ് ,ബോട്ട് സ്രാങ്ക് റസാക്ക്, എഞ്ചിന്‍ ഡ്രൈവര്‍ റഷീദ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ടു ബോട്ടുകള്‍ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി സുഗന്ധകുമാരി അറിയിച്ചു.