പോത്തുപാറ പട്ടിക വർഗ്ഗ ഉന്നതിയിലെ 24 കുടുംബങ്ങളുടെ ഭവന നിർമ്മാണോദ്ഘാടനം ജില്ലാ കളക്ടർ നിർവ്വഹിച്ചു
പോത്തുപാറ പട്ടിക വർഗ്ഗ ഉന്നതിയിലെ 24 കുടുംബങ്ങളുടെ ഭവന നിർമ്മാണോദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവ്വഹിച്ചു. ജില്ലയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആനക്കയം നിവാസികളെ 2018 ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി 24 കുടുംബങ്ങൾക്ക് പോത്തുപാറയിൽ കൈവശരേഖ നൽകിയിരുന്നു. ഇവർക്ക് പി എം ജൻമൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഭവനത്തിൻ്റെ ഉദ്ഘാടനം ഊരു മൂപ്പൻ ചന്ദ്രൻറെ വീടിൻറെ തറക്കല്ലിട്ടു കൊണ്ടാണ് ജില്ലാ കളക്ടർ നിർവഹിച്ചത്. വനവകാശ നിയമ പ്രകാരം ഇപ്പോൾ താമസിക്കുന്ന ഭൂമിക്ക് അവകാശം ലഭിക്കുന്നതിനുള്ള സംസ്ഥാന തലത്തിൽ നിന്നും അംഗീകാരം ലഭ്യമായ ഉടൻ തന്നെ കൈ അവകാശ രേഖയും വീട് വെക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് ആതിരാ ദേവരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് സോമിനി മണിലാൽ വാർഡ് മെമ്പർ അഷിത, ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ ഹെറാൾഡ് ജോൺ, ഷോളയാർ റേഞ്ച് ഓഫീസർ സൂരജ്, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ അഭിജിത്ത്, ചാലക്കുടി തഹസിൽദാർ ജേക്കബ് ഫിലോകാലിയ, ഡയറക്ടർ മാരിയോ ജോസഫ് എന്നിവർ പങ്കെടുത്തു. ഭവന നിർമ്മാണത്തിനോടനുബന്ധിച്ച് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ട് പദ്ധതിയിൽ നിന്നും 24 കുടുംബങ്ങൾക്കും കുടിൽ കെട്ടുന്നതിനായുള്ള ടർപോളിൻ ഷീറ്റുകളുടെ വിതരണവും ജില്ലാ കലക്ടർ നിർവഹിച്ചു. നാലുമാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാൻ സാധിക്കുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
