THRISSUR

തൃശൂര്‍ നഗരം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കോര്‍പ്പറേഷന്‍തല പ്രഖ്യാപനം പി ബാലചന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു

തൃശൂര്‍: ഇത് ഡിജിറ്റല്‍ യുഗത്തിന്റെ കാലഘട്ടമാണ്. സമൂഹം ഡിജിറ്റലായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ഈ പരിവര്‍ത്തനത്തിലേയ്ക്ക് തൃശൂര്‍ കോര്‍പ്പറേഷനും പൂര്‍ണ്ണമായി മാറുകയാണ്. കോര്‍പ്പറേഷന്റെ ദൈനംദിന സേവനങ്ങള്‍ ഇതിനകം തന്നെ ഡിജിറ്റലൈസ് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ അവരിലേയ്ക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കുകയും ദൈനംദിന സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും വികസന പദ്ധതികളില്‍ പങ്കാളികളായി അതിന്റെ ഫലങ്ങള്‍ അനുഭവ ഭേദ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഡിജി കേരളം (സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത) പദ്ധതി കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പൂര്‍ണ്ണത കൈവരിച്ചിരിക്കുകയാണ്. സര്‍വ്വെ നടത്തി 14 വയസ്സുമുതല്‍ ഉള്ള ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി. എന്‍.എസ്.എസ്., എന്‍.സി.സി., കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, സാക്ഷരതാപ്രേരക്മാര്‍, സന്നദ്ധസേന, ലൈബ്രറി കൗണ്‍സില്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് പരിശീലനം പൂര്‍ത്തീകരിച്ചിട്ടുള്ളത്. കോര്‍പ്പറേഷന്‍തല സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം കോര്‍പ്പറേഷന്‍ അങ്കണത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ മുതിര്‍ന്ന പൗരന്‍മാരായ രവി പുഷ്പഗിരി സദസ്സിന്റെ ഫോട്ടോ എടുത്ത് മേയറുടെ വാട്‌സ് ആപ്പ് നമ്പറിലേയ്ക്ക് അയയ്ക്കുകയും ഗീത തന്റെ പെന്‍ഷന്റെ തല്‍സ്ഥിതി മൊബൈലില്‍ പരിശോധിച്ചുകൊണ്ടും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തി. ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീകരിച്ചിട്ടുള്ളവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീ കരിക്കുന്നതിന് കോര്‍പ്പറേഷനൊപ്പം നിന്ന് സഹകരിച്ചവര്‍ക്ക് മൊമെന്റോ വിതരണവും ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കരോളിന്‍ പെരിഞ്ചേരി, ഡി.പി.സി. മെമ്പര്‍ സി.പി. പോളി, കൗണ്‍സിലര്‍മാരായ ഷീബ ബാബു, ശ്യാമള വേണുഗോപാല്‍, രാജശ്രീ ഗോപന്‍, സുഭി സുകുമാര്‍, രേഷ്മ ഹെമേജ്, എ.ആര്‍. രാഹുല്‍നാഥ്, ബീന മുരളി, ഷീബ ജോയ്, രാധിക അശോകന്‍, പി. സുകുമാരന്‍, സജിത ഷിബു, ബി.ജെ.പി. പ്രതിനിധി സുരേന്ദ്രന്‍ ഐനിക്കുന്നത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.