തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയം ഇനി സിന്തറ്റിക് മികവിലേക്ക്
ജില്ലയുടെ കായിക മുഖം മിനുക്കി തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ധാരണാ പത്രം അടുത്ത ആഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. 9.06 കോടി രൂപ ചെലവില്‍ ഖേലൊ ഇന്ത്യ പദ്ധതിയില്‍ നിലവിലുള്ള മണ്‍ ട്രാക്ക് 400 മീറ്റര്‍ നീളത്തില്‍ 6 ലെയ്ന്‍ സിന്തറ്റിക് ട്രാക്കായി നവീകരിക്കുമ്പോള്‍ തൃശൂരിന്റെ കായിക ഭൂപടത്തില്‍ വന്‍കുതിച്ചു ചാട്ടമായിരിക്കും ഉണ്ടാകുകയെന്ന് മേയര്‍ എം.കെ. വര്‍ഗ്ഗീസ് പറഞ്ഞു. ഖേലോ ഇന്ത്യ നിബന്ധന പ്രകാരം പരിഷ്‌ക്കരിച്ച ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാല്‍ 18 മാസം കൊണ്ട് സിന്തറ്റിക് ട്രാക്കിന്റെ പണി പൂര്‍ത്തിയാക്കി കായിക ലോകത്തിന് തുറന്നു കൊടുക്കാന്‍ കഴിയുന്ന വിധത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ സിന്തറ്റിക് ട്രാക്കിലൂടെ കഴിയുമെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു. സ്റ്റേഡിയത്തില്‍ നടത്തിയ സന്ദര്‍ശനത്തിലും മീറ്റിങിലും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കോര്‍പറേഷന്‍ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍മാന്‍
വര്‍ഗ്ഗീസ് കണ്ടംകുളത്തി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ. ആര്‍. സാംബശിവന്‍, കോര്‍പറേഷന്‍ സെക്രട്ടറി പി.എസ്. ഷിബു, തഹസീല്‍ദാര്‍ ജയശ്രീ തുടങ്ങിയവര്‍ സാദ്ധ്യതകള്‍ വിലയിരുത്തി. ഇതോടൊപ്പം കായിക താരങ്ങള്‍ക്ക് ഡ്രസ്സ് മാറുന്നതിനുള്ള മുറികളും ടോയ്ലറ്റ് കോംപ്ലക്സും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുവാനും രൂപരേഖ വിഭാവനം ചെയ്യുന്നതായും അധികൃതര്‍ വ്യക്തമാക്കി.
