THRISSUR

സുനാമി മോക് ഡ്രിൽ; ടേബില്‍ ടോപ്പ് മീറ്റിംഗ് നടത്തി

സുനാമി വന്നാല്‍ എങ്ങിനെ ആളുകളെ രക്ഷപ്പെടുത്താമെന്നും, ഒരു അപകടമുന്നറിയിപ്പുണ്ടായാല്‍ പഞ്ചായത്തും പോലീസ്, റവന്യു, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, ഫിഷറീസ്, ആര്‍ടിഒ, കടലോര ജാഗ്രതാ സമിതി, സന്നദ്ധ സംഘടനകള്‍, അപകടസ്ഥലത്തെ താമസക്കാര്‍ എന്നിവര്‍ എന്തെല്ലാം ഇടപെടലുകള്‍ നടത്തണമെന്നും ബോധവത്ക്കരണം നടത്തുന്നതിനായി ദുരന്തനിവാരണ അതോറിട്ടി സുനാമി മോക് ഡ്രിൽ നടത്തുന്നു. മോക് ഡ്രില്ലിനു മുന്നോടിയായി കൊടുങ്ങല്ലൂര്‍ താലൂക്കിലെ അഴീക്കോട് ബീച്ചിനു സമീപമുള്ള സുനാമി ഷെല്‍ട്ടറില്‍ ടേബില്‍ ടോപ്പ് യോഗം ചേര്‍ന്നു.

ഡിസംബര്‍ 19 ന് മുനക്കല്‍ ബിച്ചില്‍ വെച്ച് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ സുനാമി മോക് ഡ്രിൽ നടത്തും. ഡിസംബര്‍ 19 ന് രാവിലെ 10 മുതല്‍ അഴിക്കോട് ജെട്ടിയില്‍ നിന്നും മേനോന്‍ ബസാറില്‍ നിന്നും ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ്, പോലീസ് വാഹനങ്ങളും പുത്തന്‍പള്ളിക്കവല വഴി സൈറന്‍മുഴക്കി വരുമ്പോള്‍ ഭയപ്പെടേണ്ടതില്ല.

മോക് ഡ്രില്ലിനോടനുബന്ധിച്ചു നടത്തിയ യോഗം പഞ്ചായത്ത് പ്രസിണ്ട് കെ.പി. രാജന്‍ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ രേഖ അധ്യക്ഷത വഹിച്ചു. ഹസാഡ് അനാലിസ്റ്റ് സുസ്മി സണ്ണി പ്രോഗ്രാം വിശദീകരിച്ചു. വൈ. പ്രസിഡണ്ട് ഫൗസിയ ഷാജഹാന്‍, ബി.ഡി.ഒ. മധുരാജ്, കോസ്റ്റല്‍ എസ്.ഐ. സജി വര്‍ഗ്ഗീസ്, ഫയര്‍ഫോഴ്‌സ് ഓഫിസര്‍ വേലായുധന്‍, ഡോ. ഭുവനേശ്വരി, ഫിഷറീസ് എ.ഡി.എം.എഫ്. പോള്‍, കൊടുങ്ങല്ലൂര്‍ എ.എം.വി. രഞ്ചു, കടലോര ജാഗ്രതാ സമിതി അംഗം അഷറഫ് പൂവ്വത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സുമിതാ ഷാജി സ്വാഗതവും സിനിയര്‍ സൂപ്രണ്ട് രമാദേവി നന്ദിയും പറഞ്ഞു.