THRISSUR

യു ഡി ഐ ഡി ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്യുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹ്യ സുരക്ഷാ മിഷനിന്റെയും ആഭിമുഖ്യത്തിലാണ് ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം ജി ശിവദാസിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പ്രവര്‍ത്തിച്ചു. ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ഇ എന്‍ ടി, മനോരോഗ ചികിത്സ, ക്ലിനിക്കല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ പ്രവര്‍ത്തിച്ചത്. ഏകദേശം 450 ലധികം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാര്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാബാലന്‍, വിജയലക്ഷ്മി വിനയചന്ദ്രന്‍, സന്ധ്യ നൈസന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, സീമ പ്രേം രാജ്, റോമി ബേബി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ആര്‍ പ്രദീപന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ പി സജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.