നാട്ടികയുടെ മനമറിഞ്ഞ് ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ്
നാട്ടിക ഗ്രാമപഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശവും പ്രവര്‍ത്തനമണ്ഡലമായി ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരണത്തിന്റെ പ്രഖ്യാപനവും സൗജന്യ നേത്രപരിശോധനക്യാമ്പും നടന്നു. നാട്ടിക വെസ്റ്റ് കെ.എം.യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങിൽ ഡോ.എന്‍.എ.മാഹിന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പി.എ.അബൂബക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റ് കോ-ഓഡിനേറ്റര്‍ താജുദ്ദീന്‍ കാവുങ്ങല്‍ സ്വാഗതം പറഞ്ഞു. എം.എ. ഷാനവാസ് (എം.കെ.ഗ്രൂപ്പ്) മുഖ്യാതിഥിയായി പങ്കെടുത്തു. ട്രസ്റ്റിന്റെ ലോഗോ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ദിനേശന്‍ പ്രകാശനം ചെയ്തു. യോഗത്തിന് നാട്ടിക ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡ് അംഗങ്ങളും നാട്ടിക വെസ്റ്റ് കെ.എം.യു.പി.സ്‌കൂള്‍ മാനേജര്‍ ഇ.കെ.തോമസ്മാസ്റ്ററും ആശംസകള്‍ അര്‍പ്പിച്ചു. ആചാര്യന്‍ രാജീവ് ശാന്തി, നാട്ടിക മഹല്ല് ഖത്തീബ് കബീര്‍ ഫൈസി ചെറുകോട്, റവ.ഫാദര്‍ ബാബു അപ്പാടന്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. യാതൊരുവിധ പരസ്യപ്പെടുത്തലുകളൊന്നുമില്ലാതെ ട്രസ്റ്റ് രൂപീകരണ പ്രഖ്യാപനത്തിനു മുന്‍പെ ഏറ്റവും അര്‍ഹതയുള്ളവരെന്ന് ബോധ്യപ്പെട്ട നാല് കുടുംബാംഗങ്ങളെ അവരുടെ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കുവാന്‍ ട്രസ്റ്റ് അംഗങ്ങള്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ആ വികാരം ഉള്‍ക്കൊണ്ടുകൊണ്ടാണ് ട്രസ്റ്റ് രൂപീകരിക്കാനുണ്ടായ നിമിത്തം. തൃശൂരിലെ പ്രമുഖ നേത്ര ആശുപത്രിയായ ട്രിനിറ്റിയിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുത്ത് നേത്രപരിശോധനയും രോഗനിര്‍ണ്ണയവും സൗജന്യമായിതന്നെ നടത്തുവാനും ആവശ്യമുള്ളവര്‍ക്ക് രക്തഗ്രൂപ്പ് നിര്‍ണ്ണയം നടത്തുവാനും സാധിച്ചു. ഉപവി ചാരിറ്റബിള്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ് കെ.എ. നന്ദി രേഖപ്പെടുത്തി.