വൈന്തല പ്രോജക്ട് കടവ് – ഞറളക്കടവ് വലത്കര സംരക്ഷണ പ്രവൃത്തികള്‍ തുടങ്ങി; മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു
ചാലക്കുടി പുഴയുടെ വൈന്തല പ്രോജക്ട് കടവ് – ഞറളക്കടവ് ഭാഗത്തെ 1.58 കോടി രൂപയുടെ വലത്കര സംരക്ഷണ പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംരക്ഷണ ബിത്തിയുടെ നിര്‍മ്മാണത്തോട് കൂടി ഈ പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പുഴകളെ സജ്ജമാക്കുന്നതിനും കുടിവെള്ള ലഭ്യതയ്ക്ക് പ്രാധാന്യം നല്‍കിയും വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാടുകുറ്റി വില്ലേജില്‍ വാര്‍ഡ് ഒന്നിലെ പ്രോജക്ട് കടവിനും ഞറളക്കടവിനും ഇടയില്‍ 470 മീറ്റര്‍ നീളത്തില്‍ 4 മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ല് കെട്ടിയാണ് സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നത്. പുഴ ദിശ മാറി ഒഴുകുന്ന സ്ഥലമായതിനാല്‍ മഴക്കാലത്ത് സ്ഥിരമായി വെള്ളം കരയിലേക്ക് ഇരച്ചു കയറുന്നത് കാരണം നേരിടുന്ന മണ്ണിടിച്ചില്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.
പാളയം പറമ്പ് – മനപ്പടി റോഡിലെ പുഴയോരത്തിന് സമീപം നടന്ന ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷനായി. ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്.കെ. രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, വാര്‍ഡ് അംഗം കെ.സി. മനോജ്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ആര്‍. പ്രിയേഷ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.