വര്‍ണ്ണക്കുട മെഗാ ഇവന്റുകള്‍ 28, 29, 30 തിയ്യതികളിലേക്ക് മാറ്റി: മന്ത്രി ഡോ. ആര്‍. ബിന്ദു
എം.ടി വാസുദേവന്‍നായരുടെ വിയോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ വര്‍ണ്ണക്കുട സാംസ്‌കാരികോത്സവത്തിന്റെ ഡിസംബര്‍ 26, 27 തീയതികളിലെ പരിപാടികള്‍ മാറ്റിവച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. മെഗാ ഇവന്റുകള്‍ അടക്കമുള്ള പരിപാടികള്‍ ഡിസംബര്‍ 28, 29, 30 തീയതികളില്‍ അരങ്ങേറും – മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെഗാ ഇവന്റുകളായ സിത്താര കൃഷ്ണകുമാറിന്റെ മ്യൂസിക് ബാന്‍ഡ് ഡിസംബര്‍ 28 നും ആല്‍മരം മ്യൂസിക് ബാന്‍ഡ് 29 നും ഗൗരിലക്ഷ്മി നയിക്കുന്ന ഡാന്‍സ് മ്യൂസിക് ബാന്‍ഡ് 30 നും നടക്കുമെന്ന് മന്ത്രി പറഞ്ഞു.
സമയ കലാഭവന്‍ കൊറ്റനല്ലൂര്‍ ഒരുക്കുന്ന ‘നല്ലമ്മ’ നാടന്‍ പാട്ടുകളും കലാരൂപങ്ങളും, ഇരിങ്ങാലക്കുടയിലെ നൃത്ത അധ്യാപകരുടെ ശിഷ്യര്‍ അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരങ്ങളും 28, 29, 30 തിയ്യതികളിലായി അരങ്ങേറും.
സംഘാടകരും ജനപ്രതിനിധികളുമായ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി, പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് തമ്പി, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ലത, വേളൂക്കര പഞ്ചായത്ത് പ്രസിണ്ട് കെ.എസ് ധനീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
