KERALAMTHRISSUR

മഞ്ഞ; പിങ്ക് റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ 25 വരെ

മുന്‍ഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) റേഷന്‍കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളുടെയും ഇ-കെവൈസി മസ്റ്ററിംഗ് ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു. സർക്കാർ നിശ്ചയിച്ച സമയപരിധി അവസാനിച്ചതുകൊണ്ടും ഇനിയും ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ചത്. ഒക്ടോബർ 8-ാം തീയതി വരെ 79.79% മുൻഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷൻ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻഗണനാകാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും മസ്റ്ററിങ്ങിൽ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങൾക്കും വിജയകരമായി മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. മസ്റ്ററിങ്ങിനായി റേഷൻ കടകളിലെത്താൻ കഴിയാത്ത കിടപ്പ് രോഗികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ മസ്റ്ററിങ്ങിനായി മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടുകളിൽ നേരിട്ടെത്തി ഐറിസ് സ്‌കാനർ ഉപയോഗിച്ച് അപ്‌ഡേഷൻ നടത്തുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. e-KYC (ഇലക്ട്രോണിക് – നോ യുവർ കസ്റ്റമർ) അപ്‌ഡേറ്റ് ചെയ്തിട്ടുള്ളതും വിതരണം സംബന്ധിച്ച AePDS പോർട്ടലിൽ നിരസിച്ചിട്ടുള്ളതുമായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം അത്തരക്കാരുടെ അപ്‌ഡേഷൻ പൂർത്തികരിക്കാനുള്ള നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.