KERALAMTHRISSUR

നാളെ ഭാരത് ബന്ദ് ;വയനാട് ജില്ലയെ ഒഴിവാക്കി

സംവരണ ബച്ചാവോ സംഘർഷ് സമിതിയുടെ നേതൃത്തിൽ ഭാരത് ബന്ദിന് ബുധനാഴ്ച ആഹ്വാനം. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ്. സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിൻ്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാർലമെൻ്റ് നിയമനിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാത്തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്‌സി, എസ്ടി ലിസ്റ്റ് ഒമ്പതാം പട്ടികയിൽപെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യപ്പെട്ടിരിക്കുന്നത്. സമഗ്ര ജാതി സെൻസസ് ദേശീയതലത്തിൽ നടത്തണമെന്നും അവർ ആവശ്യം ഉന്നയിക്കുന്നുണ്ട്. നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിന് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബന്ദിനിടെ അക്രമസംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ദുർബല പ്രദേശമായ പടിഞ്ഞാറൻ ഉത്തർപ്രദേശിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ പൊതുഗതാഗതം, സ്കൂ‌ളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെ ബന്ദ് ബാധിക്കില്ലെന്നാണ് വിവരം. പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.