KERALAM

‘വൈൽഡ് നെല്ലിയാമ്പതി’ ഡോക്യുമെന്റെറി പ്രദർശനത്തിനൊരുങ്ങുന്നു

നെല്ലിയാമ്പതിയുടെ ജൈവ വൈവിദ്ധ്യത്തിന്റെയും ഉൾകാടുകളിലെ കൗതുകമുണർത്തുന്ന വന്യജീവികളുടെയും കഥ പറയുന്ന ‘വൈൽഡ് നെല്ലിയാമ്പതി’ എന്ന ഡോക്യുമെന്റെറി പ്രദർശനത്തിനൊരുങ്ങുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും മൂന്ന് തവണ സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് ജേതാവുമായ വലപ്പാട് സ്വദേശി ഫൈസൽ മാഗ്നറ്റാണ് ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. മൂന്ന് വർഷത്തിലേറെയായി നെല്ലിയാമ്പതി കാടുകളിൽ ഡോക്യുമെന്റെറിയുടെ ചിത്രീകരണത്തിലാണ് ഫൈസൽ. വന്യമൃഗങ്ങളുടെ കാല്പാടുകൾ കണ്ടെത്തുന്നതിലുള്ള പ്രയാസമാണ് ഡോക്യുമെന്റെറി ചിത്രീകരണം നീളുന്നതിന്റെ പ്രധാന കാരണം. വനപാലകരുടേയും തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടേയും പിൻതുണയാണ് ഈ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് മുതൽകൂട്ടാവുന്നത്. മലമുഴക്കി വേഴാമ്പലുകളാണ് നെല്ലിയാമ്പതിയുടെ സവിശേഷ സൗന്ദര്യമെന്നാണ് ഫൈസൽ പറയുന്നത്.

സഞ്ചാരികൾ കാണാത്ത നെല്ലിയാമ്പതിയുടെ അദ്യശ്യ ലോകം ലോകത്തിന് മുന്നിൽ അനാവരണം ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമല്ല തനിക്കുള്ളതെന്നും, ആയിര കണക്കിന് ജീവിവർഗ്ഗങ്ങളുടെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതി അമൂല്യമാണെന്നും പ്രകൃതിയിലെ നഷ്ടങ്ങൾ പുന സൃഷ്ടിക്കാൻ കഴിയാത്ത വിധം സങ്കീർണ്ണമാണെന്നുമുള്ള സന്ദേശം സമൂഹത്തിലെത്തിക്കാനുമുള്ള വലിയ ശ്രമമാണ് ഫൈസൽ ‘വൈൽഡ് നെല്ലിയാമ്പതി’ എന്ന ഡോക്യുമെന്റെറിയിലൂടെ ശ്രമിക്കുന്നത്. പ്രകൃതിയിലെ നിരവധി വികൃതികൾ ദൃശ്യ മികവോടെ അനാവരണം ചെയ്യാൻ തനിക്ക് സാധിച്ചതിലുള്ള ചാരിതാർഥ്യവും ഫൈസലിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു. ‘വൈൽഡ് നെല്ലിയാമ്പതി’ മികച്ച ഒരനുഭവവും അറിവും ആയിരിക്കും പ്രേക്ഷകന് നൽകുക എന്ന് തന്നെയാണ് ഡോക്യൂമെന്ററി ടൈംലൈൻ കാഴ്ചകൾ നൽകുന്ന സൂചന.