Literature

ഒരു മഴക്കാല സന്ധ്യക്കായി …

രചന: ഗീതിക ലക്ഷ്മി

മഴകാല സന്ധ്യകളോട് എനിക്ക് എന്നും അടക്കാൻ ആവാത്ത ഒരു പ്രണയം തോന്നാറുണ്ട്… മായാത്ത ഓർമ്മകൾ നൽകിയത് കൊണ്ടോ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ സമ്മാനിച്ചത് കൊണ്ടോ അല്ല…
സന്ധ്യയിൽ പെയ്യുന്ന മഴ അത് ചാറ്റൽ മഴ ആയാലും ആർത്തിരിമ്പിയുള്ള പേമാരി ആണെങ്കിലും.. പെയ്തുതീർക്കുന്ന മഴയോട് പറഞ്ഞു തീർക്കുവാൻ കഴിയാത്ത എന്തൊക്കെയോ ഞാൻ മൗനമായ് പറഞ്ഞു കൊണ്ടിരിക്കും……
ഇതിനിടയിലേക്ക് പ്രതീക്ഷിച്ച ആൾ എന്തായാലും കയറി വന്നിരിക്കും ” ഓർമ്മകൾ “ഞങ്ങളുടെ സ്വകാര്യതയെ കളഞ്ഞുകൊണ്ട് എന്റെ കൈപിടിച്ചു പരിചിതമായ ഇടവഴികളിലേക്കു എന്നെ കൊണ്ടുപോകും….. ഇന്നും അതുതന്നെ സംഭവിച്ചു… എത്തി നിന്നത് ഒരു മഴക്കാല സന്ധ്യയിലേക്ക് തന്നെയാണ്…..
കുറച്ചു വർഷങ്ങൾക് മുൻപ് പ്രകൃതിയും മനുഷ്യരും തമ്മിൽ ഇത്രമാത്രം പിണക്കം ഇല്യാത്ത കാലം ആണെന്ന് തോന്നുന്നു… കാലവർഷം അതിന്റെതായ ഭംഗിയിൽ പെയ്തു തീർക്കുന്ന കാലം ഇടവപാതിയും.. ശേഷം മിഥുനത്തിലെ തിരുവാതിര ഞാറ്റുവേല തിരി മുറിയാതെ പെയ്യുന്ന ഒരു സന്ധ്യ…
കൊല്ലങ്കോട് പനങ്ങാട്ടിരി,, ( പ്രകൃതി ഭംഗി ആവോളമുള്ള അതിനു മാറ്റു കൂട്ടാൻ വല്ലാത്ത ഒരു വശ്യഭംഗിയും കൂടെ നൽകി ആരെയും ആകർഷികാൻ നിക്കുന്ന പോലെ ഉള്ള ഒരു സ്ഥലം ആണ്….

ഇവിടെ ആണ് എന്റെ അമ്മയുടെ അനിയത്തി താമസിക്കുന്നത് എന്റെ സ്വന്തം വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടേയ്ക്ക് ഞാൻ ഇടക്ക് പോകാറുമുണ്ട്.. അന്ന് അമ്മയോടത്തു ആണ് പോയത്.. നല്ല മഴ ഉള്ളതുകൊണ്ട് ഇളയമ്മ അന്ന് പോകേണ്ട എന്ന് പറഞ്ഞു എങ്കിലും അച്ഛനോട് അന്ന് തന്നെ വരാം എന്ന് അമ്മ പറഞ്ഞതിനാൽ ആറു മണിക്കുള്ള കുട്ടി കാവുങ്കൽ ബസിൽ വരാൻ അമ്മ എന്നെയും പിടിച്ചു നടന്നു.. ( എന്നെ പിടിച്ചു നടക്കുവാൻ ഒരു കാര്യം ഉണ്ട്… മഴ അകത്തു നിന്ന് അന്നും ആസ്വദിക്കു മെങ്കിലും വെള്ളത്തിലും ചെളിയിലും ഇറങ്ങാൻ അന്നും ഇന്നും മടി ആണ്.. അപ്പോ ഞാൻ അമ്മയോട് പറഞ്ഞു നമുക്ക് ഓട്ടോയിൽ പോകാം എന്ന്…. പിശുക്ക് കണ്ടുപിടിച്ചത് എന്റെ അമ്മ ആയതുകൊണ്ടും പണത്തിന്റെ മൂല്യം അന്ന് എന്നെക്കാൾ കൂടുതൽ അമ്മക്ക് അറിയാവുന്നതുകൊണ്ടും…10 രൂപ ചിലവാക്കിയാൽ ഞങ്ങളുടെ വീട് എത്തുന്നതിനു അമ്മ നൂറു രൂപ ചിലവാക്കി ഓട്ടോ പിടിക്കാൻ മുതിർന്നില്ല… അങ്ങനെ വാശി പിടിച്ചു നിക്കുന്ന എന്നെ കൈയിൽ പിടിച്ചു ബസ് സ്റ്റോപ്പിൽ എത്തിച്ചത് കൂടെ പറഞ്ഞില്ലങ്കിൽ ഇതിനു ഒരു പൂർണത കിട്ടില്ല ) അന്ന് അമ്മ അങ്ങനെ ചെയ്തില്ലെങ്കിൽ അന്ന് ആ കാഴ്ചയോ.. ഇന്ന് ഇത് എഴുതാൻ പോന്ന ഒരു കഥ മുഹൂർത്തമോ എന്നിൽ ഉണ്ടാവില്ലായിരുന്നു എന്നത് വേറെ ഒരു സത്യം….
ബസിൽ കയറി സൈഡ് സീറ്റ് തന്നെ സ്വന്തമാക്കി അമ്മ അരികിൽ തന്നെയുണ്ട്.. അപ്പോ ചെറിയ രീതിയിൽ മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ട്… ഞാൻ എനിക്ക് ആവും വിധം മഴ ചാറ്റൽ ഉള്ളിലേക്ക് വരാത്ത വിധം അവർ ഇട്ട കർട്ടനെ വകഞ്ഞു മുകളിലേക്ക് മാറ്റി വച്ചു ചെറിയ മഴ ചാറ്റൽ തട്ടാൻ തുടങ്ങിയ അമ്മ എന്നെ തുറിച്ചു നോക്കുന്നത് ഞാൻ നിസാരമായി അവഗണിച്ചു.. ഓട്ടോയിൽ എന്നെ കൊണ്ട് വരാത്തതിന്റെ ദേഷ്യം ആണ് എന്ന് അമ്മക്ക് അറിയാം അതുകൊണ്ട് തന്നെ ഞാൻ എന്തോ കാണിക്കട്ടെ എന്ന നിലയിൽ അമ്മ സാരിയുടെ തലപ്പ് എടുത്ത് തോളിലേക്കു ഇട്ട് പുതച്ചു ഇരിക്കുന്നു….
ഞാൻ ചെറുക്കാറ്റും ചാറ്റൽ മഴയുടെ തണുപ്പും നന്നായി ആസ്വദിച്ചു പുറത്തു നോക്കിയിരുന്നു.. നാട്ടിൻ പുറത്തിന്റെ സൗന്ദര്യം നന്നായി ഉണ്ടെങ്കിലും ദാരിദ്ര്യത്തിന്റെ പ്രതീകം കൂടെ വിളിച്ചറിയിക്കുന്ന കുഞ്ഞ് വീടുകൾ നിര നിരയായി കാണാം അവിടെ.. മഴയും കൂടെ ആവുമ്പോൾ ശോചനീയവസ്ഥ ഒന്നുകൂടെ ദയനീയം….
കുറച്ചു നീങ്ങുമ്പോൾ സമ്പന്നതയുടെ പ്രതിരൂപം എന്നാപോൽ ഉയർന്ന ഇരു നില വീടും കാണാം… വീതികുറഞ്ഞ ചെറിയ റോഡും മഴയും കൂടെ ആയപ്പോൾ ഡ്രൈവർക്കു പോയിട്ട് വലിയ തിരക്കും ഇല്ലാത്തത് കൊണ്ടു ആയിരിക്കാം വളരെ സാവധാനത്തിൽ പോകുന്ന ആ ബസിൽ ഇരുന്ന് എന്റെ കണ്ണുകൾ കാഴ്ചകൾ പലതും ഒപ്പി എടുത്തു…..
ഒരു ചെറിയ വീടിനരുകിൽ വണ്ടി നിന്നു അവിടെ ബസ് സ്റ്റോപ്പ്‌ ആണോ അതോ ആരെയെങ്കിലും കയറ്റാൻ ആണോ അതോ ഇറക്കനോ എന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നില്ല കാരണം എന്റെ ശ്രദ്ധ മുഴുവൻ പുറത്ത് ആണ്… കുറച്ചു സമയം ആ വീടിനു മുൻപിൽ ബസ് നിന്നു.. ആ വീടിനു ചെറിയൊരു മുറ്റത്തു വെള്ളം കെട്ടികിടക്കുന്നുണ്ട്.. ചെറിയൊരു വരാന്തയിൽ മണ്ണെണ്ണ വിളക്ക് കത്തുന്നു… അകത്തു നിന്നും രണ്ട് പെൺകുട്ടികൾ ഉമ്മറത്തു വന്നു ഒരു കുട്ടി മുറ്റത്തു ആ വെള്ളത്തിൽ ഇറങ്ങി ചുറ്റു വീടുകളിലേക്കു ആകെ ഒന്ന് നോക്കുന്നു… അപ്പോ കൂടെ എന്റെ കണ്ണുകളും അങ്ങോട്ട് പാഞ്ഞു.. അതെ അവിടെ ലൈറ്റ് കത്തുന്നുണ്ട്… മഴകാലം ആയതിനാൽ ആവാം ഇരുട്ട് പെട്ടന്ന് വന്നു തുടങ്ങിയിരുന്നു….. ചുറ്റും നോക്കി ഒന്ന് തിട്ടപെടുത്തി ആ കുട്ടി ഉള്ളിലേക്ക് ഓടി പോകുന്നു കൂടെ ആ ചെറിയ കുട്ടിയും… ഓടിപ്പോയ അതെ സ്പീഡിൽ ഉള്ളിൽ നിന്ന് അമ്മ എന്ന് തോന്നുന്ന ഒരു സ്ത്രിയുടെ കൈ പിടിച്ചു വെളിയിലേക്ക് വരുന്ന ആ പെൺകുട്ടി…. ഇതിനിടയിൽ ബസ് മെല്ലെ നീങ്ങാൻ തുടങ്ങി.. ഇതിനിടയിൽ ബിസിനരികിലൂടെ വന്ന ഒരു സൈക്കിൾകാരൻ ആ വീട്ടിലേക്കു പോകുന്നത് ഞാൻ കണ്ടു.. മുഴുവൻ നനഞ്ഞ അയാളുടെ സൈക്കളിൽ ഒരു സഞ്ചി തൂങ്ങി കിടക്കുന്നുണ്ട്.. അതും നനഞ്ഞിരികാം… അയാളെ കാത്തു എന്നപോലെ അമ്മയും മക്കളും തുറിച്ചു നോക്കി നിൽക്കുന്ന ഭാവം…. ബസ് കുറച്ചു ദൂരെ നീങ്ങി എത്തി ഈ കണ്ട കാഴ്ചകൾ മനസ്സിൽ നിന്നും എനിക്ക് മായുന്നില്ല… ( അതോ ആ വഴികൾ എനിക്ക് സമ്മാനികുന്ന അവസാന കാഴ്ച്ച ആയതു കൊണ്ട് ആവുമോ കുറച്ചു മാസങ്ങൾ കൊണ്ടു എന്റെ ജീവത്തിലും വഴിതിരിവുകൾ സംഭവിക്കുക ആണ് ) എന്തായാലും ആ കുട്ടികളും ആ സൈക്കിൾ കാരനും കുഞ്ഞു വീടും എന്റെ മനസ്സിൽ നിന്നും പോയതേ ഇല്യ ഇന്നേവരെ…. എന്തുകൊണ്ട് ആ കുട്ടികളും അമ്മയും ആ മനുഷ്യനെ ഇങ്ങനെ തുറിച്ചു നോക്കി നിന്നെ… നനഞ്ഞു ഒലിച്ചു വരുന്ന അയാളുടെ മുഖത്തു ആണെങ്കിൽ വല്ലാത്ത നിസ്സഹായതയും….
ആ മഴയുള്ള രാത്രിയിൽ അവർക്ക് എന്തെങ്കിലും അപായം സംഭവിച്ചിട്ടുണ്ടാകുമോ എന്ന ഉൾപെടി വരെ എനിക്ക് തോന്നിയിട്ടുണ്ട്.. അത് അവർകു അതിജീവിക്കാൻ കഴിയട്ടെ എന്നൊരു പ്രാർത്ഥനയും…..


ഏതായാലും അന്നത്തെ ദൃശ്യത്തെ ആസ്പദമാക്കി ഞാൻ ഒരു കഥ എഴുതുവാൻ പോകുകയാണ്……..

സൈക്കിൾ ഇറയത്തിന്റെ ഒരു കോണിൽ ഒതുക്കി നിർത്തി അതിൽ നിന്നും നനഞ്ഞ സഞ്ചി എടുത്തു വരാന്തയിൽ കയറിയ അയാളെ ഉള്ളിലേക്ക് കയറുവാൻ അനുവദിക്കാതെ ഭാര്യ എന്ന് ഞാൻ ഉദേശിച്ച ആ സ്ത്രീ.. ഉറക്കെ തന്നെ ചോദിച്ചു.. ഇന്ന് കറണ്ട് ബിൽ അടക്കാം എന്ന് പറഞ്ഞു അല്ലെ നിങ്ങൾ ഇവിടെ നിന്നും രാവിലെ പോയത്… എന്നിട്ട് എവിടെ… ഞാൻ അന്വേഷിച്ചപ്പോൾ പണി സ്ഥലത്തു നിന്നും നിങ്ങൾ നേരത്തെ പോയി എന്നും അറിഞ്ഞല്ലോ
എവിടെ പോയി അലഞ്ഞു വരുകയാ മനുഷ്യനിങ്ങൾ എന്ന് ഒറ്റ ശ്വാസത്തിൽ അവർ അലറി….. ഇവിടെ ബിൽ അടക്കാനുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞന്ന് അറിയില്ലേ.. ആകെ ഈ വീട്ടിൽ കുഞ്ഞുങ്ങൾകുള്ള ഒരു ആർഭാടം നാല് ലൈറ്റുകൾ ഉള്ള ഈ വീട് ആണ്.. അതും ഇരുട്ടിൽ ആക്കിയപ്പോ നിങ്ങൾക്കു സമാധാനം ആയോ.. ദേഷ്യം സങ്കടം കൊണ്ടു അവർ വിറച്ചു ചോദിച്ചു കൊണ്ടിരുന്നു….
ചോദ്യങ്ങൾകുള്ള മറുപടി തൊണ്ടയിൽ വന്നു കുരുങ്ങി.. ശരീരത്തിന്റെ വിറയൽ അയാളെ വല്ലാതെ നിശ്ബദ്ധനാക്കി….
വിറച്ചുകൊണ്ട് സഞ്ചി അയാൾ ചുവട്ടിൽ വച്ചു.. അത് വലിച്ചു തുറന്നു സഞ്ചിയിലേക്ക് നോക്കിയ അവരുടെ മുഖത്തു വീണ്ടും ദേഷ്യം വന്നു നിറഞ്ഞു രാവിലെ വാങ്ങുവാൻ പറഞ്ഞ ലിസ്റ്റിൽ പകുതി പോലും വാങ്ങിച്ചിട്ടില്ല….. സഞ്ചിയും അതിൽ ഉള്ള സാധനങ്ങളും അടുക്കള എന്ന് തോന്നിച്ചിടത്തേക്കു അവർ വീശി എറിഞ്ഞു..അതിൽ ഉള്ള സാധനങ്ങൾ അവിടെ ചിന്നി ചിതറി….. അയാൾ സങ്കടത്തോടെ ചോദിച്ചു നീ എന്താ ചെയ്യുന്നേ… ആ സാധനങ്ങൾ എത്ര ബുദ്ധിമുട്ടിയ ഞാൻ ഇന്ന് വാങ്ങി എന്ന് അറിയുമോ…. ഞാനും എന്റെ മക്കളും ഇവിടെ പട്ടിണി കിടന്നു മരിച്ചോളാം… നിങ്ങൾ ഉണ്ടായിട്ടും ഈ മക്കൾക്കും എനിക്ക് ഒരു കാര്യം ഇല്യ എന്ന അവരുടെ ക്രൂരമായ മറുപടി.. ശരി വയ്ക്കുന്ന തരത്തിൽ കുട്ടികൾ മൗനം പൂണ്ടപ്പോൾ അയാൾ വല്ലാതെ വേദനിച്ചു… തിരിച്ചു ആ മഴയിലേക്ക് ഇറങ്ങുവാൻ തുടങ്ങിയ അയാൾ മെല്ലെ പോക്കറ്റിൽ നിന്നും രണ്ട് മിട്ടായി എടുത്ത് കുട്ടികളുടെ നേരെ നീട്ടി.. അത് വാങ്ങുവാൻ കൂട്ടാക്കാതെ അവർ അച്ഛന് നേരെ കോപത്തോടെ നോക്കി.. സ്കൂളിൽ നിന്നും ടൂർ പോകുവാൻ എല്ലാവരും പൈസ കൊടുത്ത്.. ഞങ്ങൾ മാത്രമേ ഇനികൊടുക്കുവാൻ ഉള്ളു ഇരുന്നൂറു രൂപ അച്ഛനോട് ചോദിച്ചിട്ട് എത്ര ദിവസം ആയി…. മറ്റന്നാൾ ഞങ്ങൾക്കു ക്ലാസ് പരീക്ഷ ആണ്.. വെളിച്ചം ഇല്യാതെ എങ്ങനെ ഞങ്ങൾ പഠിക്യ അച്ഛൻ എന്താ ബിൽ അടക്കാഞ്ഞേ… ആഞ്ഞു വീശിയ ഒരു കാറ്റിൽ ശേഷിച്ച മണ്ണെണ്ണ വിളക്കും അണഞ്ഞു…. അപ്പുറത്ത് അയാളെ ശാപവാക്കുകൾ കൊണ്ടു മൂടുന്ന ഭാര്യ… മുൻപിൽ മിട്ടായിപോലും വാങ്ങാതെ അച്ഛന്റ്റെ നിസ്സഹായതയെ ചോദ്യം ചെയുന്ന കുഞ്ഞിമക്കൾ ….
ഇരുട്ടിലേക്കു ഇറങ്ങി നടന്ന അയാൾ ഒരു നിമിഷം ചിന്തിച്ചു വന്നു സൈക്കിൾ എടുത്തു ആഞ്ഞു ചവിട്ടി ഒരുപാട് ദൂരെ പോകുവാൻ എന്നവണ്ണം… വീണ്ടും ചാറി തുടങ്ങിയ മഴയിൽ കണ്ണുകളും ഒലിച്ചു തുടങ്ങി… കറന്റ് ബിൽ അടക്കുവാൻ എടുത്തു വച്ച പൈസയും അന്ന് ഉച്ചവരെ പണിത പൈസയും ചേർത്ത് ആണ് കൂടെ പണിത ആളുടെ മോൾക്ക് പെട്ടന്ന് ആശുപത്രിയിൽ അത്യാവശ്യം വന്നപ്പോ മരുന്ന് വാങ്ങാൻ കൊടുത്ത് എന്ന് പറഞ്ഞാൽ.. കലി തുള്ളുന്ന ഭാര്യയെ…. നാളെ എങ്കിലും കറണ്ട് ബിൽ അടക്കുവാൻ മുതലാളിയോട് കുറച്ചു രൂപ കൂടുതൽ വാങ്ങി.. അതിൽ നിന്നും വീട്ടിലേക്കു അത്യാവശ്യം സാധങ്ങൾ വാങ്ങിയുള്ള വരവ് ആയിരുന്നു അത് എന്നും അയാൾ മറക്കുവാൻ ശ്രമിച്ചു…. തന്നെ കൊണ്ടു കുടുംബത്തിന് ഉപകാരം ഇല്യ എന്നും മരിച്ചൂടെ എന്ന ഭാര്യയുടെ അധിക്ഷേപവും അത് ശരി വയ്ക്കുന്ന മകളുടെ രൂപവും മാത്രം മനസ്സിൽ നിറഞ്ഞു വന്നു…….
ആഞ്ഞു ചവിട്ടിയ സൈക്കിൾ പോയി നിന്നത് റയിൽവേയുടെ അരികിൽ ആണ് അവിടെ ഒരു ചായക്കട ഉണ്ട് അർധരാത്രി വരെയും അത്യാവശ്യ യാത്രക്കാർ വന്നും പോയും ഉണ്ടാകും കടയിൽ.. വല്ലപ്പോഴും മാത്രേ അയാൾ ഇവിടെ ചായ കുടിക്കാൻ വരാറുള്ളൂ….
ഉള്ളിൽ ആൾകാർ ഉണ്ടെന്നു തോന്നുന്നു സംസാരം കേൾകാം.. അയാൾ സൈക്കിൾ അവിടെ ചായപ് നരുകിൽ ചാരി വച്ചു… ആകെ ഉള്ള സമ്പാദ്യം ആണ്.. മക്കൾക്കായ്….. നേരെ കിഴക്കൊട്ടുള്ള പാളത്തിൽ കൂടെ സാവധാനം നടന്നു നീങ്ങി… ധൃതി ഇല്യ സമയം ഒരുപാട് ഉണ്ട്…. ചായക്കടയിൽ നിന്നും കുറച്ചു ദൂരം പിന്നിട്ടപ്പോൾ കിടക്കാൻ പറ്റിയ ഒരു സ്ഥലം അയാൾ കണ്ടെത്തി…. കിടന്നു നീണ്ടു നിവർന്നു അങ്ങനെ ആലോചിക്കുവാൻ ഏറെ ഉള്ളപോലെ… മഴ മാറിയിരിന്നു… അയാളുടെ മനസ്സിൽ അന്ന് അമവാസി ആണെങ്കിലും ആകാശത്തു പൂർണ്ണനിലാവിനുള്ള ഒരുക്കങ്ങൾ…..
പതിയെ അയാൾ വീണ്ടും ആലോചിച്ചു ഭാര്യയുടെ ശകാരം മാത്രം ആണോ ഈ തീരുമാനത്തിന് പുറകെ..അല്ല… പഴയപോലെ ആരോഗ്യം ഇല്യ.. ക്ഷയിച്ചു തുടങ്ങിയ ഈ ശരീരത്തിന് ഇനി താങ്ങുവാൻ മനകരുത്തും തീരെ ഇല്യ… അവസാനം ഇങ്ങനെ ആവട്ടെ എന്നൊരു ഉൾവിളി……
പാളത്തിൽ കിടന്നു ശീലം ഇല്യാലോ ശരീരം നൊന്തു തുടങ്ങിയത് കൊണ്ടാവാം അയാൾ വീണ്ടും ശരീരം തിരിഞ്ഞും മറിഞ്ഞും കിടന്നു കൈകൾ നീട്ടി നിവർത്തി.. വണ്ടിക്കു തെറ്റരുതല്ലോ….. പെട്ടന്ന് കൈകൾ എന്തിലോ തടയുന്ന പോലെ.. തോന്നിയത് ആണോ… അല്ല അയാൾ മെല്ലെ എഴുനേറ്റു കൈ തടഞ്ഞ ആ ഭാഗത്തു മെല്ലെ തപ്പി നോക്കി… ഒരു ബാഗ് പോലെ എന്തോ തടഞ്ഞു വരുന്നു…. ഇരുട്ടിൽ കാര്യം മായൊന്നും മനസ്സിൽ ആകുന്നില്ല.. അല്ലെങ്കിൽ തന്നെ എനിക്ക് എന്തിനാ ഇനി ഈ ബാഗ് എന്ന് അയാൾ ചിന്തിചിരികാം….. അല്പം നേരം മാറിയിരുന്നു എന്തോ മനസിന്‌ ഒരു ഭാരം നിറയുന്നപോലെ ഇത് എടുത്ത് ചായക്കടയിൽ ഏല്പിച്ചാലോ എന്നൊരു തോന്നൽ…. ആ ബാഗ് പിടിച്ചു എഴുനേറ്റു നടന്നു അയാൾ… നടക്കുന്നതിനടയിൽ പതിയെ അത് തുറന്നു എന്താ എന്ന് നോക്കുവാനും ഒരു ആഗ്രഹം…. കടയുടെ അരികിൽ എത്തി വെളിച്ചം കിട്ടി തുടങ്ങിയപ്പോൾ സിബ്ബ് തുറന്നു ബാഗിൽ ഉള്ളിൽ നോക്കി അതിനുള്ളിൽ ഒരു പട്ടിനുള്ളിൽ രണ്ട് കാൽ ചിലങ്കകൾ… അത് എടുത്തു അയാൾ തിരിച്ചു മറിച്ചും നോക്കി.. അയാളിലെ പിതാവ് ഉണർന്നു കുറച്ചു നാൾ മുൻപ് മകൾ അച്ഛാ സ്കൂളിൽ ഡാൻസ് പഠിപ്പിക്കുന്നുണ്ട് ഇപ്പോ പകുതി ആയി.. ഇനി എല്ലാരും ചിലങ്ക കൊണ്ടു പോകുവാൻ ടീച്ചർ പറഞ്ഞു എന്ന്.. അത് എവിടെ കിട്ടും എന്നോ അതിനു എന്ത് വില വരും എന്നോ അറിയാത്ത അയാൾ ഒന്നും മിണ്ടിയില്ല.. ഇപ്പോ ദേ രണ്ട് ചിലങ്കകൾ….. അതെ നിമിഷം അയാളിലെ സത്യസന്ധനും അഭിമാനിയും പറഞ്ഞു ഇതിന്റ അവകാശി ആരോ ആയിക്കോട്ടെ എന്റെ കൈയിൽ നിന്നും ഇത് ചായക്കടയിൽ ഏല്പിക്കാം എന്ന്….
ചായക്കടയിൽ എത്തിയപ്പോ അവിടത്തെ ചേട്ടൻ ഇത്‌ എന്താ നീ ഈ നേരത്തു ഇവിടെ… അയാൾ കൂട്ടുകാരനെ കാണാൻ ഒന്ന് പോയി ഈ വഴി വരേണ്ടി വന്നു.. ദേ ഇത് അപ്പുറത് നിന്നും കിട്ടിയത് ആണ്…. കണ്ടപ്പോൾ അവിടെ ഇടാൻ തോന്നിയില്ല
.. ചായക്കടകാരൻ ചേട്ടനു ആകാംഷ ഇത് എന്താ നീ നോക്കിയില്ലേ തുറന്നു…നോക്കി രണ്ട് ചിലങ്കകൾ മാത്രമേ കണ്ടോള്ളൂ ഞാൻ…. ചായക്കടകരൻ ചേട്ടൻ ഒന്നുടെ ആ ബാഗ് വിശദമായി നോക്കി അതിനുള്ളിലെ അറയിൽ നിന്നും കുറച്ചു പൈസയും ഒരു ഫോട്ടോയും ഒരു ഫോൺ നമ്പർ കുറിക്കുന്ന ചെറിയൊരു ബുക്ക്‌ പുറത്തു വന്നു……
ആ ബുക്ക്‌ തുറന്നു നോക്കിയ ആദ്യത്തെ പേരു അമ്മ എന്നും കുറച്ചു അക്കങ്ങൾ നമ്പർ ആയി കുറിച്ചിരുന്നു… ചായക്കട ചേട്ടൻ പറഞ്ഞു ഈ നമ്പറിലേക്കു ഒന്ന് വിളിച്ചു നോക്കിയാലോ ഉടമസ്ഥനെ ചിലപ്പോ കിട്ടിയേകാം….
ചായക്കട ചേട്ടന്റെ ചെറിയ ഫോണിൽ നിന്നും അങ്ങനെ അവർ ആ നമ്പറിലേക്കു വിളിച്ചു മുഴുവൻ റിങ് ചെയ്തിട്ടും ആരും എടുക്കുന്നില്ല…. ഒന്നുടെ നോക്കിയാലോ വീണ്ടും ബെൽ അടിച്ചു തുടങ്ങി… അപ്പുറത് കാൾ എടുത്ത് ഹലോ ആരാ എന്ന ചോദ്യം വന്നു…. ഇത് പാലക്കാടിനടുത്തുള്ള ഒരു സ്ഥലം ആണെന്നും ഇവിടെ അടുത്തുള്ള റെയിൽവേ ട്രെക്കിൽ നിന്നും ചിലങ്കകൾ അടങ്ങിയ ഒരു ബാഗ് കിട്ടി എന്നും പറഞ്ഞപ്പോ.. അവിടെ കുറച്ചു നേരത്തേക്ക് ഒരു ശ്വാസം മാത്രം…. പിന്നെ ഉറക്കെയുള്ള ഒരു നിലവിളിപോലെ ഉള്ള സ്വരം.. എന്റെ മോനെ അത് എങ്ങനെ എങ്കിലും ഇവിടെ എത്തിച്ചു തരണം എന്റെ മകളുടെ ജീവന്റെ വില ആണ് ഇപ്പോ ആ ചിലങ്ക.. ഉപേക്ഷ വിചാരിക്കരുത്.. ഇപ്പോ ഇവിടെ നിന്ന് ആരും അങ്ങോട്ട് വരാൻ ഇല്യാത്തത് കൊണ്ടു ആണ് ഈ അമ്മയുടെ ഈ അപേക്ഷ കേൾകു എന്ന തേങ്ങൽ……
ശരി ഞാൻ നാളെ അവിടെ എത്തിക്കാം നോക്കാം എന്നുപറഞ്ഞു അയാൾ ഫോൺ വച്ചു….. ആ നിമിഷം ട്രെയിനിന്റെ നീട്ടിയുള്ള കൂക്കൽ അയാൾ കേട്ടു.. ഒരു നിമിഷം ആലോചിച്ചു ഭൂമിയിൽ മാറ്റാർക്കോ വേണ്ടി ഒരു ഉപകാരം ചെയുവാൻ ഉള്ള അവസാന അവസരം…. ഈ ഒരു രാത്രി കൂടെ ഞാൻ ഭൂമിയിൽ ശേഷിക്കട്ടെ……..
സൈക്കിൾ എടുത്തു ആ ബാഗ് മായി ചായക്കട ചേട്ടനോട് നാളെ രാവിലെ ഇതിന്റ ഉടമസ്ഥരെ ഏല്പിക്കാൻ പോകുക ആണെന്ന് അവർ അങ്ങോട്ടു പോകുവാൻ ഉള്ള അഡ്രസ് പറഞ്ഞു കൊടുത്തു വെന്നും പറഞ്ഞു അയാൾ നീങ്ങി…..
പോക്കറ്റിൽ ഒന്ന് തപ്പി നോക്കി അയാൾ.. പണി സ്ഥലത്ത് നിന്നും അഞ്ഞൂറ് രൂപ വാങ്ങിയതിൽ മൂന്നുറു രൂപ ബാക്കി ഉണ്ട്…. നാളെ കറണ്ട് ബിൽ അടക്കാൻ വച്ചത് ആണ്.. തത്കാലം വണ്ടിക്കൂലിക്കു ഇത് ഉപകരിക്കട്ടെ….. വീടിനു മുൻപിൽ എത്തിയപോൾ ചെറിയൊരു വിളക്ക് എരിഞ്ഞു കത്തുന്നുണ്ട് എല്ലാരും ഉറങ്ങിയാ ലക്ഷണം… വാതിൽ പൂട്ടിയിട്ടില്ല താൻ തിരിച്ചു വരും എന്ന ഉറപ്പിൽ ആയിരിക്കാം…… ശബ്ദം ഉണ്ടാകാതെ അയാൾ ഉള്ളിൽ ചെന്നു ഒരരുകിൽ ചുരുട്ടി വച്ച പുൽ പായ എടുത്ത് നിലത്തു വിരിച്ചു… ഉറക്കത്തെയും കാത്തു കിടന്നു………
പുലർച്ചെ എഴുനേറ്റു കുളിച്ചു…. ഉള്ളതിൽ നല്ല മുണ്ടും ഷർട്ട്‌ എടുത്ത് ഉടുത്തു…( ഇനി പുതിയ കുപ്പായം ഇവിടെ എടുത്ത് വയ്ക്കേണ്ട കാര്യം ഇല്യാലോ എന്ന് മനസ്സിൽ ) വാതിൽ ചാരി പുറത്തേക്കു നടന്നു… രാവിലെ ആദ്യത്തെ ബസിൽ തന്നെ തൃശൂരും അവിടെ നിന്നും അവർ പറഞ്ഞ പ്രകാരം എറണാകുളം തൃപ്പൂണിത്തുറ കുള്ള ബസിലും കയറണം….. തൃശൂർ ബസ് വന്നു… ടിക്കറ്റ് എടുത്ത് ചാരി കിടന്നു…. അവിടെ എത്തുവാൻ വരെയുള്ള പൈസ ഉണ്ട്.. ആ ധൈര്യം അയാളെ ഉറക്കത്തിലേക്കു കൊണ്ടു പോയി……
തൃശൂർ എത്തി… ഇറങ്ങി എറണാകുളം ബസ് കണ്ടെത്തി അതിൽ കയറി ഇരുന്ന്… തൃപ്പൂണിത്തറവരെ അയാളും ഓർമ്മകളും തമ്മിൽ കഥകൾ പറഞ്ഞു ഇരിന്നു…. അവിടെ ഇറങ്ങി…. ഒരു ഓട്ടോയിൽ കയറി മുല്ല പറമ്പ് വീട്ടിൽ പോകണം എന്ന് പറഞ്ഞപ്പോ അയാൾ ചിരിച്ചു കൊണ്ടു കയറിക്കോളൂ ന്ന് പറഞ്ഞു…. കുറച്ചു ദൂരെ ചെന്നപ്പോ വർത്താനതിനടയിൽ അയാൾ ചോദിച്ചു ഇവിടെ റെയിൽവേ സ്റ്റേഷൻ എവിടെയാ.. അധികം ദൂരെ ആണോ.. ഓട്ടോക്കാരൻ ഏയ് അല്ല.. അടുത്ത് ആണ്… ഒരു സമാധാനം വന്നുപോകുന്നത് അയാൾ അപ്പോ അറിഞ്ഞു…. ശേഷിച്ച പൈസ ഓട്ടോക്കാരന് കൊടുത്തു ബാഗു മായി അയാൾ ആ വലിയ ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി……..
അവിടെ പൂമുഖത്തു ഒരു അമ്മ കാത്തിരിക്കുന്നപോലെ… ഇയാളെ കണ്ടതും ഓടി വന്നു വരൂ മോൻ അല്ലെ ഇന്നലെ രാത്രിയിൽ വിളിച്ചേ…. അതെ.. എങ്കിൽ വരൂ നമുക്ക് അകത്തു ഇരിക്കാം .. ഇത്രയും രാവിലെ എത്തിയത് അല്ലെ ഒന്നും കഴിച്ചു കാണില്ല..
അയാൾ വിനയപൂർവം അത് നിരസിച്ചു വേണ്ട ഞാൻ ചായകുടിച്ചിരുന്നു…. ഇതൊന്നു ഇവിടെ ഏല്പിച്ചു പോകണം.. അല്പം ധൃതി ഉണ്ട്…. ആ അമ്മ സമ്മതിച്ചില്ല അങ്ങനെ പറയരുത് ഇത്രയും ദൂരെ വന്നത് അല്ലെ എന്റെ മകൾ ഇപ്പോ വരും എന്നിട്ട് പോകാം അതുവരെ ഇവിടെ ഇരിക്കു…..
അവർ ഉള്ളിൽ പോയി തണുത്ത വെള്ളവുമായി വന്നു.. ദാഹം ഉണ്ടായിരുന്ന അയാൾ അതുവാങ്ങി കുടിച്ചു…. നിർബന്ധപൂർവ്വം അമ്മ നൽകിയ പ്രാതലും പിന്നീട് കഴിച്ചു ഇതിനിടയിൽ ബാഗിൽ നിന്നും എടുത്ത ആ ചിലങ്കകളെ പലവട്ടം തലോടി കണ്ണുകൾ നിറയുന്നത് ശ്രദ്ധിച്ചു അയാൾ… കാറിന്റെ സൗണ്ട് കേട്ട അമ്മ ഓടി മുറ്റത്തേക്കു ഇറങ്ങി ചെന്നു അതിൽ നിന്നും അമ്മയുടെ രൂപ സാദൃശ്യം ഉള്ള ഒരു സ്ത്രീ ഇറങ്ങി വന്നു മകൾ ആണെന്ന് അയാൾക്കു മനസ്സിൽ ആയി… അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവർ ഉള്ളിലേക്ക് പോയി…
കുറച്ചു സമയത്തിന് ശേഷം പുറത്തേക്കു വന്ന അവരോട് ക്ഷമ നശിച്ച അയാൾ എന്നാൽ ഞാൻ ഇറങ്ങുന്നു എന്ന് പറഞ്ഞു അനുവാദം ചോദിച്ചു.. അമ്മയും മോളും പരസ്പരം മുഖത്തോട് നോക്കി… മോൻ ഇത്രയും ദൂരെ കഷ്ടപ്പെട്ട് വന്നത് അല്ലെ മടങ്ങി പോകുന്നത് ഞങ്ങളുടെ കൂടെ ആവട്ടെ… അത്രയെങ്കിലും ചെയുവാൻ ഞങ്ങളെ അനുവദിക്കു എന്ന് ആ അമ്മ സ്നേഹത്തോടെ പറഞ്ഞു മകൾ അയാളുടെ മുഖത്തേക്കു സമ്മതത്തിനായി കാത്തു നിന്നു… അവരെ വിഷമിപ്പിക്കുവാൻ കഴിയാതെ അയാൾ ഒരു മടങ്ങിപോക്ക് ഇനി ഇല്യ എന്ന് അവരോട് പറയുവാൻ കഴിയാതെ നിന്നു വിങ്ങി…. അയാളുടെ ആത്മ സംഘർഷം ഒന്നും മനസ്സിൽ ആകുവാൻ കഴിയാതെ അമ്മയും മകളും സ്നേഹത്തോടെ കാറ് തുറന്നു വരൂ എന്ന് പറഞ്ഞു നില്കുന്നു…..
തന്നെ എന്തിനാ വിധി ഇങ്ങനെ വീണ്ടും വീണ്ടും തോല്പിക്കുന്നെ എന്ന്മനസ്സിൽ പറഞ്ഞു കണ്ണുകൾ അറിയാതെ നനഞ്ഞു… സീറ്റിലേക്ക് തല ചേർത്ത് വച്ചു കണ്ണുകൾ ഇറുക്കെ അടച്ചു…. കുറച്ചു സമയം കഴിഞ്ഞപ്പോൾ മൃദുവായ തലോടൽ ഏറ്റു കണ്ണു തുറന്നപ്പോ.. വാത്സല്യതോടെ ആ അമ്മ അരികിൽ ചേർന്ന് തന്നെ നോക്കി ഇരിക്കുന്നത അയാൾ കണ്ടത്… എന്താ മോന്റെ സങ്കടം എന്ന് അവർ ചോദിച്ചു…. അയാൾ ഒന്നും മിണ്ടാതെ ഡ്രൈവ് ചെയുന്ന അമ്മയുടെ മകളെ ശ്രദ്ധിച്ചിരുന്നു…..
അപ്പോ അമ്മ പറഞ്ഞു തുടങ്ങി… മോൻ ഇപ്പോ കൊണ്ടു വന്നു തന്നത് എന്റെ മകളുടെ ജീവനും,,, അവൾക്കു അവളുടെ മകളുടെ അവസാന തുടിപ്പ് അവശേഷിക്കുന്ന ആ കാൽ ചിലങ്കയുംമാണ്…. മനസ്സിൽ ആകാതെ അയാൾ അമ്മയുടെ മുഖത്തു നോക്കി… അവർ പറഞ്ഞു തുടങ്ങി പതിയെ മകൾ കേൾക്കരുത് എന്ന ആഗ്രഹത്തോടെ…… .
മകളും ഭർത്താവും പേരകുഞ്ഞും അടങ്ങുന്ന ആ നല്ല നാളുകളെ കുറിച്ചു….. മിടുക്കി ആയ കൊച്ചുമകൾ അമ്മയെപ്പോലെ തന്നെ നർത്തകി ആകുവാൻ കൊതിച്ചിരുന്ന നാൾ….. ഒരു യാത്രക്കിടയിൽ സംഭവിച്ച അപകടത്തിൽ ജീവനോടെ കിട്ടിയത് കൊച്ചുമകൾ കെട്ടിയ ആ ചിലങ്കയുടെ കിലുക്കം മാത്രം ആണ്…. ജീവത്തിലേക്കു തിരിച്ചു വന്ന മകൾക് ഓമനിക്കാൻ ബാക്കിയായ ആ ചിലങ്കമാത്രം… മരവിപ്പിന്റെ എകാന്താതയെ കൂട്ടു പിടിച്ചപ്പോൾ ഭർത്താവ് വല്ലാതെ ഒറ്റപെട്ടു പോയി യാത്രകളെ അയാൾ സ്നേഹിച്ചു തുടങ്ങി.. അത് അങ്ങനെ ആണല്ലോ ഭാര്യ ഭർതൃ ബന്ധത്തിന്റെ അടിസ്ഥാനം മക്കളിൽ പലപ്പോഴും ഒതുങ്ങുമ്പോൾ അതിൽ വിള്ളൽ വീണാൽ പിന്നെ ദാമ്പത്യതിന് അർത്ഥം ഇല്യാതെ ആകുന്നു……
അങ്ങനെ മകൾ വീണ്ടും നൃത്തത്തിലേക്ക് തിരിച്ചു വന്നു… മകളുടെ കൊഞ്ചൽ എന്ന പോലെ ഈ ചിലങ്ക ജീവ വായു ആയി… അങ്ങനെ ഒരു യാത്രകിടയിൽ ആണ്.. ട്രെയിനിൽ വച്ചു… മറ്റൊരു കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ കൈയിൽ നിന്നും ബാഗ് തെറിച്ചു വെളിയിൽ വീഴുന്നത്.. ആ ഷോക്കിൽ നിന്നു മാറി വരുമ്പോഴേക്കും ദൂരെ കൂറേ കടന്നിരുന്നു…… ആ യാത്ര അവർ പഴനിയിൽ ചെന്നു ആണ് നിർത്തിയെ അന്ന് അവിടെ രാത്രിയിൽ താമസിച്ചു രാവിലെ ഭഗവാന്റെ ദർശനം നെടുവാൻ ആഗ്രഹിച്ചു…. അമ്മയെ വിളിച്ചു ബാഗ് നഷ്ടപെട്ട സംഭവം പറഞ്ഞു… മകളുടെ ശേഷിച്ച തുടിപ്പും നഷ്ടമായി ഇനി ഞാൻ ജീവിക്കുന്നതിൽ അർത്ഥം ഇല്യ അമ്മേ എന്നുപറഞ്ഞു പൊട്ടി കരഞ്ഞു…. അശ്വസിപ്പിക്കാൻ വാക്കുകൾ ഇല്യാതെ ആ പാവം അമ്മയും…..
പിറ്റേന്ന് ക്ഷേത്ര ദർശനം കഴിഞ്ഞു സ്വയം ഒരു ജീവഹത്യ മനസ്സിൽ ഒരുകി… അതിരാവിലെ എഴുനേറ്റു അമ്പലത്തിൽ നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും സാവധാനം പടികൾ കയറി തന്നോടത് എത്തുവാൻ ശ്രമിക്കുന്ന ഒരു അമ്മ.. അവളെ നോക്കി പുഞ്ചിരിച്ചു… കൈയിൽ ഒരു കുപ്പി വെള്ളം സ്നേഹത്തോടെ നീട്ടി.. ദാഹം തോന്നിയില്ലെങ്കിലും ആ അമ്മയുടെ മുഖത്തു നോക്കി നിഷേധിക്കുവാൻ തോന്നിയില്ല.. ആ വെള്ളം കുപ്പി വാങ്ങി മതിയാവോളം കുടിച്ചു.. തിരിച്ചു കൊടുത്തു… അവർ പുഞ്ചിരിയോടെ അവളോട് പറഞ്ഞു.. ഒരു സ്ത്രീയിലും യഥാർത്ഥത്തിൽ അമ്മ മരിക്കുന്നില്ല… അമ്മയെ കൊല്ലുവാൻ ആകുകയും ഇല്യ….. ആ പടിക്കെട്ടിൽ കുറച്ചു നേരം ആലോചനയോടെ അവൾ ഇരുന്ന്… അമ്മയെ ഒന്നുടെ വിളിക്കാൻ ഒരു ആഗ്രഹം അവിടെ ഇരിന്നുകൊണ്ട് തന്നെ വിളിച്ചു.. ആ വിളിയിൽ ആണ് ബാഗ് തിരിച്ചു കൊണ്ട് വരുവാൻ ഒരാൾ വരുന്നു എന്നും മോൾ എത്രയും പെട്ടന്ന് ഇവിടെ എത്തു എന്നും അമ്മ സന്തോഷതോടെ പറഞ്ഞത്…. പുതു ജീവൻ തിരിച്ചു കിട്ടിയ ഉന്മേഷത്തിൽ പടികൾ ഓടി കയറി മുരുക ഭഗവാനെ തൊഴുതു… വീട്ടിലേക്കു തിരിച്ചു…..
അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്… ഇതൊന്നും ഇപ്പോ തന്നെ ബാധിക്കുന്നില്യ എന്ന മട്ടിൽ മകൾ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുന്നു ഇടക്ക് വഴികൾ ചോദിച്ചു മനസ്സിൽ ആകുന്നുമുണ്ട്….. വീടിനരുകെ ചെന്നു വണ്ടി നിന്നത് ഒട്ടൊരു അത്ഭുതത്തോടെ അയാൾ നോകി ഇരുന്ന്.. കാറിൽ നിന്നും അമ്മയും മകളും തന്നെയാണ് ആദ്യം ഇറങ്ങിയത്…
ഒന്ന് മടിച്ചു അയാളും.. വീടിനു മുൻപിൽ കാർ വന്നു നിന്നതും കയറി വരുന്ന അതിഥികളെ പരിചയം ഇല്യാത്തതിനാലും ഓടി വന്ന കുട്ടികൾ അമ്മയെ വിളിക്കാൻ ഉള്ളിലേക്ക് ഓടി.. ഉള്ളിൽ നിന്നും വന്ന ഭാര്യ എല്ല പരാതിയും ദേഷ്യം മാറ്റി ഇന്നലെ മുതൽ എവിടെ പോയി എന്ന് അറിയാത്ത ആധിയിൽ ഭർത്താവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു.. കണ്ടമാത്രയിൽ വിതുമ്പി കരഞ്ഞു അതിൽ എല്ലാ സ്നേഹം പരിഭവം ക്ഷമ ചോദിക്കലും ഉണ്ടായിരുന്നു.. മക്കളും അച്ഛനെ സങ്കടത്തോടെ നോക്കി നിന്നു…. ഇതിനിടയിൽ വന്ന അതിഥികൾ ആരാണെന്നോ എന്താണെന്നോ അറിയാതെ ഉള്ള അമ്പരപ്പ് ഉണ്ടെങ്കിലും ഉള്ള സൗകര്യങ്ങളിൽ അവരെ ഇരിക്കാൻ ക്ഷണിച്ചു.. കാറിൽ നിന്നും എടുത്ത പലഹാരങ്ങളും പഴങ്ങളും അടങ്ങിയ കവർ കുട്ടികളെ ഏല്പിക്കുന്ന അയാൾ നോക്കി നിന്നു ഇതൊക്കെ ഇവർ എപ്പോ വാങ്ങി എന്ന അതിശയത്തിൽ…. കുറച്ചു നേരം സംസാരത്തിനും പരിചയപ്പെടുത്തലിനും ശേഷം… കൊടുത്ത നാരങ്ങ വെള്ളം രുചിയോടെ തന്നെ അവർ വാങ്ങി കുടിച്ചു……
ശേഷം ആ ബാഗിൽ നിന്നും ചുവന്ന പട്ടിൽ പൊതിഞ്ഞ ആ ചിലങ്കകൾ അവർ എടുത്തു അയാളുടെ മകളുടെ അരികിൽ എത്തി നെറുകയിൽ തലോടി അവളുടെ കാലിൽ അത് അണിയിച്ചു കൊടുത്തു… ഇനി ഇത് നിനക്ക് ഉള്ളത് ആണ്…അവളെ നെഞ്ചോട് ചേർന്നു പുണർന്നു നെറ്റിയിൽ ഉമ്മ വച്ചു.. അവരിൽ പുനർജനിക്കുക ആയിരുന്നു ഒരിക്കൽ കൂടെ ഒരു അമ്മ….. ഒരുങ്ങി ഇരുന്നോളു ഞാൻ വരും എന്ന ഒരു വാക് മാത്രം അവരോട് പറഞ്ഞു ആ അമ്മയുടെ കൈ പിടിച്ചു അവൾ നടന്നു… കണ്ണിൽ ഒരു നിശ്ചയധാർഷ്ട്യം മാത്രം അവശേഷിച്ചൊരുന്നു അപ്പോൾ……
അഭിമാനതോടെയോ ആരാധനയോടെയോ എന്ന് തിരിച്ചറിയാൻ വയ്യാത്ത ആറു കണ്ണുകൾ അയാൾക്കു നേരെ വരുന്നുണ്ടയിരിന്നു അപ്പോൾ…. കണ്ണുകൾ നിറഞ്ഞത് കൊണ്ടായിരിക്കാം കാഴ്ചകൾ അയാൾക്കു അപ്പോ അവ്യക്തമായിരുന്നു…..

ശുഭം
സമർപ്പിക്കട്ടെ ഞാൻ ഇത്..
ഒരു മഴക്കാല സന്ധ്യക്കായി …
ഗീതിക ലക്ഷ്മി