ഷാജൻ എലുവത്തിങ്കലിന്റെ “ഗൃഹാതുരത്വം: ഗുരുത്വാകർഷണം” ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം നടന്നു
വലപ്പാട് : പ്രവാസിയും മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ ഷാജൻ എലുവത്തിങ്കലിന്റെ ഓർമ്മക്കുറിപ്പുകളുടെ ആദ്യ കഥാസമാഹാരമായ “ഗൃഹാതുരത്വം: ഗുരുത്വാകർഷണം” പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് പുസ്തകം മലയാള മനോരമ ചീഫ് എഡിറ്റർ വിനോദ് നായർക്ക് കൈമാറി പ്രകാശനം നിർവ്വഹിച്ചു.
വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെസിഐ മുൻ ഗ്ലോബൽ പ്രസിഡണ്ട് ഷൈൻ ഭാസ്ക്കർ, ഖത്തർ ഐസിസി പ്രസിഡണ്ട് എ.പി. മണികണ്ഠൻ എന്നിവർ ആശംസകൾ അറിയിച്ചു.

“ഗൃഹാതുരത്വം: ഗുരുത്വാകർഷണം” വലപ്പാട് ഗ്രാമത്തിന്റെയും അതിന്റെ പരിസരങ്ങളെയും ആസ്പദമാക്കി ഷാജൻ എലുവത്തിങ്കൽ തന്റെ ബാല്യകാലത്തെയും വിദ്യാഭ്യാസകാലത്തെയും ഓർമ്മപ്പെടുത്തുന്ന 32 ഓർമ്മ കഥകളുടെ സമാഹാരമാണ്. സുന്ദരമായ ഓർമ്മകളുടെ ഭാവുകത്വം നിറഞ്ഞ ഈ പുസ്തകം വായനക്കാരെ അന്നത്തെ കാലത്തേക്ക് കൈപിടിച്ചുനടത്തും.
