ലോക നാടക ദിനം ആഘോഷമാക്കി ഫ്യൂച്ചർ ഐ തിയേറ്റർ കുവൈറ്റ്
കുവൈറ്റ് : കുവൈറ്റിലെ ഫ്യൂച്ചർ ഐ തിയേറ്റർ ലോക നാടക ദിനം ആഘോഷിച്ചു. ഇംഗ്ലീഷ് സ്കൂൾ ഫഹഹീൽ ഡെപ്യൂട്ടി പ്രിസിപ്പലും, തിയേറ്റർ പ്രവർത്തകനും ആയ പീറ്റർ മുള്ളേ ഉദ്‌ഘാടനം നിർവഹിച്ചു. ഫ്യൂച്ചർ ഐ തിയേറ്റർ പ്രസിഡന്റ് സന്തോഷ് കുട്ടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പേട്രൺ ഷെമേജ് കുമാർ നൊബേൽ സമ്മാന ജേതാവും നോർവെജിയൻ നാടക പ്രവർത്തകനുമായ ജോൺ ഫൊസ്സേ എഴുതിയ ഈ വർഷത്തെ ലോക നാടകദിന സന്ദേശം വായിക്കുകയും 2009 മുതൽ ഫ്യൂച്ചർ ഐ തിയേറ്റർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ബിവിൻ തോമസ് മലയാള നാടകാചാര്യൻ എൻ എൻ പിള്ളയുടെ ‘കുടുംബയോഗം’ എന്ന നാടകത്തിന്റെ സംക്ഷിപ്‌ത രൂപം അവതരിപ്പിക്കുകയും ദൃശ്യ പ്രസാദ് കിഴക്കേടത്തു മന കേരളത്തിന്റെ തനത് കലാരൂപമായ കഥകളി സാധാരണ ജനങ്ങൾക്ക് എങ്ങിനെ ആസ്വദിക്കാം എന്നതിനെക്കുറിച്ച് ലഘുവിവരണം നൽകുകയും നളചരിതം രണ്ടാം ദിവസം കഥകളിയിലെ ചെറിയൊരു ഭാഗം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് 2009 മുതൽ ഫ്യൂച്ചർ ഐ തിയേറ്റർ അവതരിപ്പിച്ച നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനം നടന്നു.
കുവൈറ്റിലെ നാടക ചലച്ചിത്ര രംഗത്ത് പ്രവൃത്തിക്കുന്നവരും ആസ്വാദകരും പങ്കെടുത്ത ചടങ്ങിൽ വട്ടിയൂർ കാവ് കൃഷ്ണ കുമാർ, പ്രേം രാജ്, പ്രമോദ് മേനോൻ, ജിനു വൈക്കത്ത് , ചിന്നു കോര, ഷിബു ഫിലിപ്പ്, സജീഷ് കുമാർ, ഗോവിന്ദ് ശാന്ത, വാസു മമ്പാട് എന്നിവർ ആശംസകൾ അറിയിച്ചു. ജിജുന മേനോൻ ഏകോപനം നടത്തി. ജനറൽ സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതവും Dr. പ്രമോദ് മേനോൻ നന്ദിയും രേഖപ്പെടുത്തി.