KUWAITMIDDLE EAST

കുവൈറ്റിലെ ആത്മഹത്യാ കേസുകളിൽ ഇന്ത്യക്കാർ മുന്നിൽ

കുവൈറ്റിൽ പബ്ലിക് പ്രോസിക്യൂഷൻ അടുത്തിടെ പുറത്തുവിട്ട ആത്മഹത്യയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022-ൽ ആത്മഹത്യ, ആത്മഹത്യാശ്രമ കേസുകളുടെ എണ്ണം 136 ആയിരുന്നു . സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ആത്മഹത്യ ശ്രമം നടത്തിയവരിൽ 61.7 ശതമാനം പേരും പുരുഷന്മാരും 38.3 ശതമാനം സ്ത്രീകളുമാണ്. വിവാഹിതരായ ആളുകളാണ് ആത്മഹത്യ ശ്രമത്തിൽ കൂടുതൽ ഉള്ളത് 50.6 ശതമാനമാണ് ഇവരുടെ എണ്ണം . അവിവാഹിതരിൽ 39.9 ശതമാനവും, വിവാഹമോചിതരിൽ 8.2 ശതമാനവും, വിധവകളിൽ 1.3 ശതമാനവുമാണ് ആത്മഹത്യാ നിരക്കിന്റെ തോത്. പ്രോസിക്യൂഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഡിജിറ്റൽ ബുള്ളറ്റിനിൽ, ആത്മഹത്യ ചെയ്തവരുടെയും ആത്മഹത്യയ്ക്ക് ശ്രമിച്ചവരുടെയും ദേശീയതയെ അടിസ്ഥാനമാക്കി 33.9 ശതമാനവുമായി ഇന്ത്യക്കാർ ആണ് ഒന്നാം സ്ഥാനത്ത്. തുടർന്ന് യഥാക്രമം 20 ശതമാനവുമായി കുവൈറ്റികൾ, 8.8 ശതമാനവുമായി ഫിലിപ്പിനോകൾ, 8 ശതമാനവുമായി നേപ്പാളികൾ, 4.4 ശതമാനവുമായി ഈജിപ്തുകാരും ശ്രീലങ്കക്കാരും 2.9 ശതമാനവുമായി ബിദൂനികളും ആണ് ഉള്ളത്.