കെഫാക് അന്തർ ജില്ലാ സോക്കർ, മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങൾ ഏപ്രിൽ 12-ന് ആരംഭിക്കും
കുവൈറ്റ് : കെഫാക് സംഘടിപ്പിക്കുന്ന ഫ്രന്റ്ലൈൻ അന്തർ ജില്ലാ സോക്കർ, മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങൾ ഏപ്രിൽ 12 വെള്ളിയാഴ്ച ആരംഭിക്കും. ആയിരത്തോളം വരുന്ന കളിക്കാരുടെയും മറ്റു അംഗങ്ങളുടെയും പ്രതീക്ഷകളുടെയും ആഷാഭിലാഷങ്ങളുടെയും സംഗമ വേദിയായ കേരള എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ് (കെഫാക്) ഗൾഫ് മേഖലയിൽ ഒരു വര്‍ഷത്തോളം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന ഫുട്ബോൾ മത്സരങ്ങൾ കഴിഞ്ഞ പത്തു വർഷമായി നടത്തുന്ന ഏക പ്രവാസി കൂട്ടായ്മ ആണന്ന് സംഘാടകർ അവകാശപ്പെട്ടു. 18 അഫിലിയേറ്റഡ് ക്ലബുകളുടെ 36 ടീമുകളാണ് സോക്കർ ലീഗ് , മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുക. 1000-ൽ അധികം കളിക്കാരാണ് ഓരോ വർഷവും കെഫാക്കിന്റെ കീഴിൽ അണി നിരക്കുന്നത്. ഇന്ത്യയിലും കേരളത്തിലും ഫുട്ബോൾ മേഖലയിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച പ്രവാസ ജീവിതം നയിക്കുന്ന ഫുട്ബോൾ പ്രേമികൾ ആണ് ഈ കൂട്ടായ്മയുടെ ചുക്കാൻ പിടിക്കുന്നത് .
ഐ.എം വിജയൻ , മുഹമ്മദ് റാഫി , അനസ് എടത്തൊടിക , തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ മുതൽ കേരളത്തിലെയും കുവൈത്തിലെയും രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക കലാ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലയളവിൽ അതിഥികളായി കേഫാക്കിന്റെ മത്സര വേദികളിൽ എത്തിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.
കെഫാക് തന്നെ രൂപീകരിച്ച അൻപതിലധികം വരുന്ന പരിശീലനം സിദ്ധിച്ച കേഫാക് റഫറീസ് പാനൽ ആണ് ഓരോ വർഷവും നടത്തപ്പെടുന്ന 350 ൽ അധികം വരുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നത്. അന്തർ ജില്ലാ ലീഗ് 2023 -24 സീസൺ മത്സരങ്ങൾ ഏപ്രിൽ 12 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ കേഫാക് ലീഗ് മത്സരങ്ങളുടെ സ്ഥിരം വേദിയായ മിശ്രിഫിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ വെച്ച് ആരംഭിക്കും. പ്രമുഖരായ പത്തോളം ജില്ലാ ടീമുകൾ സോക്കർ ലീഗിലും , മാസ്റ്റേഴ്സ് ലീഗിലുമായി മാറ്റുരക്കും. വാർത്താ സമ്മേളനത്തിലും ഇഫ്താർ മീറ്റിലും കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ട്രെഷറർ മൻസൂർ അലി , മീഡിയ സെക്രട്ടറി ഫൈസൽ ഇബ്രാഹിം , സ്പോർട്സ് സെക്രട്ടറി അബ്ദുൽ റഹ്മാൻ , ജോയിന്റ് സെക്രട്ടറി സഹീർ ആലക്കൽ , ഒഫിഷ്യൽ ഇൻചാർജ് നൗഫൽ ആയിരംവീട് , കെഫാക് വൈസ് പ്രസിഡന്റ് റോബർട്ട് ബെർണാഡ് , ജില്ലാ ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ മിഡിൽ ഈസ്റ്റിലെ പ്രമുഖ ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ഫ്രന്റ്ലൈൻ ലോജിസ്റ്റിക്സ് കൺട്രി ഹെഡ് മുസ്തഫാ കാരി , കെഫാക് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ ആയ അബ്ദുൽ ലത്തീഫ് (ഓഡിറ്റർ ) , റബീഷ് (അസിസ്റ്റന്റ് ഒഫിഷ്യൽ ഇൻചാർജ് ) , ഹനീഫ , റിയാസ്ബാബു (വളണ്ടിയർ ഇൻചാർജ് ), ജംഷീദ് , ഉമൈർ അലി (കെഫാക് അഡ്മിൻ ), ഷുഹൈബ് (അസിസ്റ്റന്റ് മീഡിയ സെക്രട്ടറി ), ഖമറുദ്ധീൻ (പി ആർ ഓ ) , വിവിദ ജില്ലാ അസോസിയേഷൻ ഭാരവാഹികൾ , മാധ്യമ പ്രതിനിധികൾ , കെഫാക് അഫിലിയേറ്റഡ് ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.