KUWAITMIDDLE EAST

ഒഐസിസി കുവൈറ്റ് ജില്ലാ കമ്മറ്റികൾക്ക് പുതിയ നേതൃത്വം

കുവൈറ്റ് : ഒഐസിസി കുവൈറ്റിന്റെ 14 ജില്ലാ കമ്മറ്റികളും പുനഃസംഘടിപ്പിച്ചു. കുവൈറ്റിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് ഹ്രസ്വ സന്ദര്ശനാര്ത്ഥം കുവൈറ്റിൽ എത്തുകയും പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറുകയും ചെയ്തു.
ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുകയും സമൂഹത്തിന് കൂടുതൽ പ്രയോജനകരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മിറ്റികൾ പ്രവർത്തനം നടത്തണമെന്ന് അഡ്വ. ബി എ അബ്ദുൾ മുത്തലിബ് ഓർമ്മിപ്പിച്ചു. കുവൈറ്റിൽ നിര്യാതരാവുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഒഐസിസി കെയർ ടീം നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ധേഹം പ്രത്യേകം അഭിനന്ദിച്ചു.
വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ, ജില്ലകളുടെ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ച നാഷണൽ ജനറൽ സെക്രെട്ടറിമാരായ വർഗീസ് ജോസഫ് മാരാമൺ, ബിനു ചേമ്പാലയം, ജോയ് കരവാളൂർ,നിസ്സാം തിരുവനന്തപുരം എന്നിവർ സന്നിഹിതരായിരുന്നു.
സ്ഥാനമൊഴിയുന്നവരും പുതുതായി തെരെഞ്ഞെടുത്തതുമായ ഓരോ ജില്ലകളിലെയും പ്രസിഡന്റ് , ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സംഘടനാചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി ബി.സ്. പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.