KUWAITMIDDLE EAST

കുവൈറ്റ് ഫാൽക്കൺ കോൺഫറൻസിൽ പ്രഭാഷകനായി സുബൈർ മേടമ്മൽ

കുവൈറ്റ്: പ്രശസ്ത ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനുമായ ഡോ. സുബൈർ മേടമ്മൽ, കുവൈറ്റ് അന്താരാഷ്ട്ര ഫാൽക്കൺ കോൺഫറൻസിൽ പ്രഭാഷകനായി എത്തി. ഫാൽക്കൺ പക്ഷികളുടെ സംരക്ഷണത്തിൽ കുവൈറ്റ് അടക്കമുള്ള അറബ് രാഷ്ട്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഭാഷണമാണ് അദ്ധേഹം നടത്തിയത്. സെപ്റ്റംബർ 24 മുതൽ 28 വരെ കുവൈറ്റ് സബ്ഹാനിലെ ഹണ്ടിംഗ് എക്സിബിഷൻ സെൻററിൽ നടക്കുന്ന സമ്മേളനത്തിൽ മുപ്പതോളം രാജ്യങ്ങൾ പങ്കെടുക്കുന്നു.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഫാൽക്കൺ പക്ഷികളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോ. സുബൈർ, ഫാൽക്കൺ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനാണ്. ഫാൽക്കൺ പക്ഷികളെക്കുറിച്ച് നടത്തിയ ഗവേഷണങ്ങൾക്കുള്ള അംഗീകാരമായി യു.എ.ഇ. സര്‍ക്കാര്‍ അദ്ദേഹത്തിന് ഗോൾഡൻ വിസ നൽകിയാണ് ആദരിച്ചത്. എമിറേറ്റിസ് ഫാൽക്കൺ ക്ലബ്ബിൽ അംഗത്വമുള്ള ഏക അറബ് ഇതര വ്യക്തിയുമാണ് ഡോ. സുബൈർ.
വേറിട്ട ശൈലിയിലും ശ്രദ്ധേയമായ കണ്ടെത്തലുകളുമായി ശ്രദ്ധ നേടിയ ഡോ. സുബൈർ, ഫാൽക്കൺ പക്ഷികളുടെ 15 വ്യത്യസ്ത ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത് സോണോഗ്രാം രൂപത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിലൂടെ അദ്ദേഹത്തിന് നിരവധി അന്തർദേശീയ വേദികളിലും അംഗീകാരങ്ങൾ ലഭിച്ചു. കൂടാതെ, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ഫാൽക്കൺ സംരക്ഷണ കോൺഫറൻസുകളിലും സെമിനാറുകളിലും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും നിരവധി വന്യജീവി സംഘടനകളിൽ അംഗത്വം നേടുകയും ചെയ്തിട്ടുണ്ട്.
തിരൂർ വാണിയന്നൂരിൽ നിന്നുള്ള ഡോ. സുബൈർ മേടമ്മൽ, കാലിക്കറ്റ് സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം, അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ കോഡിനേറ്ററുമാണ്.
ഫാൽക്കൺ പക്ഷികളെ സംരക്ഷിക്കുന്നതിന് വലിയ പ്രാധാന്യം നൽകികൊണ്ടാണ് സമ്മേളനം നടക്കുന്നത്.