MIDDLE EASTUAE

യുഎഇയിൽ അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത; മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഫുജൈറ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ ഉൾപ്പെടെ ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും ആലിപ്പഴ മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അറബിക്കടലിലെ ന്യൂനമർദം നീങ്ങുന്നതിന്റെ ഫലമായാണ് മഴയ്ക്ക് സാധ്യത വർധിക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു. മഴയോടൊപ്പം ശക്തമായ പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കാഴ്ച മറയ്ക്കുന്ന പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതീക്ഷിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ ദേശിയ ദുരന്ത നിവാരണ അതോറിറ്റി അടിയന്തിര യോഗം ചേർന്ന് സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. പൊതു സുരക്ഷ, റോഡ് സുരക്ഷ, അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് യോഗത്തിൽ ആലോചിച്ചു. പൊതുജനങ്ങൾ കാലാവസ്ഥ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.