MIDDLE EAST

ആഘോഷതിമിർപ്പിൽ ആറാടി സഞ്ചാരി യു എ ഇ ഓണാഘോഷം

സഞ്ചാരി യു എ ഇ ഓണാഘോഷം സംഘടിപ്പിച്ചു. സ്റ്റാർ ഫുഡ്സ് സഞ്ചാരി യു എ ഇ ഓണം എന്ന പേരിൽ അലൈൻ ജബൽ ഹഫീതിലെ മെർക്കുവർ ഗ്രാൻഡ് ഹോട്ടലിൽ നടന്ന ആഘോഷ പരിപാടിയിൽ 600 ലധികം പേർ പങ്കെടുത്തു. വാദ്യ,മേളഘോഷങ്ങളോടെ രാവിലെ 9.30 നു ആരംഭിച്ച പരിപാടി കോർ കമ്മിറ്റി മെമ്പർമാർ ആയ സെറിൻ ചക്കാമഠത്തിൽ , ജിംജി വാഴപ്പുള്ളി, മിർഷാദ് മൂപ്പൻ, അസ്‌ലം, സ്റ്റാർ ഫുഡ്‌ കമ്പനി സി ഇ ഓ അഹംദ്കുട്ടി അബ്ദുൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. സഞ്ചാരിയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ ഘോഷയാത്ര നടന്നു.

തുടർന്ന് പത്ത്‌ ക്ഷേത്രകലകളെ ആസ്പദമാക്കി നടന്ന ടെമ്പിൾ ആർട്ട്‌ ഫാഷൻ ഷോ വ്യത്യസ്ഥമായ പ്രമേയം കൊണ്ടും അവതരണഭംഗികൊണ്ടും ശ്രദ്ധേയമായി . നാലു ടീമുകളായി തിരിഞ്ഞുള്ള നാടൻപാട്ട്‌ മൽസരങ്ങളോടെയാണു കലാപരിപാടികൾക്ക്‌ തുടക്കമായത്‌. സഞ്ചാരിയിലെ കൊച്ചുകലാകാരന്മാർക്കും കലാകാരികൾക്കുമായി പ്രത്യേക ചിത്രരചനമൽസരവും ഇതോടൊപ്പം സംഘടിപ്പിച്ചു. വിവിധ പ്രായപരിധികളിലുള്ള കാറ്റഗറികളിലായി എൺപതിനടുത്ത്‌ കുട്ടികളാണു പങ്കെടുത്തത്. സഞ്ചാരി മെംബേർസ് അവതരിപ്പിച്ച സെമിക്ലാസിക്‌ ഡാൻസ്‌, സിനിമാപാട്ടുകൾ, കപ്പിൾ ഡാൻസ്‌, കവിത, ഫ്യൂഷൻ ഡാൻസ്‌ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. ഒരുമ മേളം കലാസംഘത്തിലെ 25 കലാകാരികൾ അണിനിരന്ന ശിങ്കാരിമേളം അരങ്ങേറി. തുടർന്ന് ഓണാഘോഷത്തിലെ ഏറ്റവും വാശിയേറിയ മൽസരമായ വടംവലി നടന്നു . പുരുഷ, വനിതാ വിഭാഗങ്ങളായി നടന്ന മൽസരങ്ങളിൽ ഓരോ വിഭാഗത്തിലും നാലു ടീമുകളാണു ഉണ്ടായിരുന്നത്‌. കലാകായിക മൽസരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനദാനം നടത്തി. തുടർന്ന് ഡിജെ സലീലും റമീസും അവതരിപ്പിച്ച ഡിജെ ഫ്യൂഷൻ അരങ്ങേറി.