National

ബിഹാര്‍ ട്രെയിന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ബക്‌സര്: ബിഹാറിലെ ബക്‌സറില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രഘുനാഥ്പൂർ സ്റ്റേഷന് സമീപം ഡൽഹി-കാമാഖ്യ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇതുവരെ നാലു പേരാണ് മരിച്ചത്. പരുക്കുപറ്റിയ നൂറിലധികം പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ട്രെയിനിന്റെ 21 കോച്ചുകള്‍ അപകടത്തില്‍ പെട്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകട മേഖലയില്‍ ഗതാഗതം പുനസ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
അതേസമയം അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയും സഹായിക്കുകയും ചെയ്തു. പിന്നാലെ നിരവധി പോലീസ് ഉദ്യോഗസ്ഥരും ആംബുലൻസുകളും സ്ഥലത്തെത്തി. പാളം തെറ്റിയ ട്രെയിൻ ട്രാക്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് യാത്രാക്കാരെ ഒഴിപ്പിക്കലും രക്ഷാപ്രവർത്തനവും പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, പാളം തെറ്റിയതിന്റെ കാരണം സർക്കാർ അന്വേഷിക്കുമെന്നും വ്യക്തമാക്കി.