NationalPolitics

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ ഏകദേശം 60% പോളിംഗ്

ന്യൂഡൽഹി: 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് പൂർത്തി ആയത്. 5 മണി വരെയുള്ള കണക്കുകൾ പ്രകാരം 60% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 2024-ലെ പൊതുതിരഞ്ഞെടുപ്പ് രാജ്യത്തുടനീളം ഏഴ് ഘട്ടങ്ങളിലായി ജൂൺ ഒന്നിന് അവസാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂൺ 4ന് നടക്കും. അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ജമ്മു കശ്മീർ, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. ബംഗാളില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും പോളിങ്ങ് ശതമാനം 80 കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന പോളിങ്ങ് കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ് രണ്ടാമത് ബംഗാളും മൂന്നാമത് പുതുച്ചേരിയുമാണ്. ഏറ്റവും കുറവ് പോളിങ്ങ് ബിഹാറിലാണ്.