National

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൂടി മരിച്ചു: മരണം അഞ്ചായി

ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി.
ബുധനാഴ്ച രജൗരിയില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് പ്രത്യേക സേനാ ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉധംപൂരിലെ ആര്‍മി കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി.
കലകോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരു പാകിസ്ഥാന്‍ ഭീകരനും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍, അഫ്ഗാന്‍ മേഖലകളില്‍ പരിശീലനം നേടിയ ക്വാറി എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്.
ഇയാള്‍ ലഷ്‌കറെ ത്വയ്ബയുടെ മുതിര്‍ന്ന നേതാവായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാൾ രജൗരി-പൂഞ്ച് മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വിവരം.
ഏഴ് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ധാന്‍ഗ്രി, കാണ്ടി ഇരട്ട ആക്രമണങ്ങളുടെ സൂത്രധാരന്‍ ക്വാറിയാണെന്നാണ് വിവരം. പ്രദേശത്തെ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനാണ് ഇയാളെ രജൗരി-പൂഞ്ചിലേക്ക് അയച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഇയാള്‍ ഐഇഡികളില്‍ വിദഗ്ധനായിരുന്നു. ഗുഹകളിലും മറ്റും ഒളിച്ച് താമസിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് തോക്കുപയോഗിച്ച് ആക്രമണം നടത്താനുള്ള പരിശീലനം ലഭിച്ചിരുന്നു
.