PoliticsTHRISSUR

വോട്ടെണ്ണല്‍ കേന്ദ്രം; അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി

തൃശൂര്‍ : തൃശൂര്‍ ലോക്സഭാ മണ്ഡലം വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. എന്‍ജിനീയറിങ് കോളജില്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ സന്ദര്‍ശിച്ച് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ഉറപ്പാക്കി. വിവിധ വോട്ടെണ്ണല്‍ ഹാളുകള്‍ സന്ദര്‍ശിച്ച് ഉപവരണാധികാരികള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കൗണ്ടിങ് ടേബിളുകള്‍, ഏജന്റുമാര്‍ക്കുള്ള ഇരിപ്പിടം, പോസ്റ്റല്‍ വോട്ടെണ്ണലിനുള്ള ടേബിള്‍ ക്രമീകരണങ്ങള്‍, ഇ.ടി.ബി.പി.എം.എസ്. വോട്ടെണ്ണല്‍ ക്രമീകരണം എന്നിവ വിലയിരുത്തി. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ സംബന്ധിച്ച വിവരങ്ങളും വോട്ടെണ്ണല്‍ ദിനത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങളും വ്യക്തമാക്കി. പൊലീസ് സുരക്ഷ, സി.സി.ടി.വി ക്യാമറ തുടങ്ങിയ പരിശോധിച്ചു. വോട്ടെണ്ണല്‍ പ്രക്രിയ സുതാര്യമായും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ജനറല്‍ ഒബ്‌സര്‍വര്‍ പി. പ്രശാന്തി, കൗണ്ടിങ് ഒബ്‌സര്‍വര്‍മാരായ മഹ്‌മൂദ് ഹസന്‍, ബേദേംഗ ബിശ്വാസ്, ഉപവരണാധികാരികള്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു. ജനറല്‍ ഒബ്‌സര്‍വര്‍ പി. പ്രശാന്തി പോസ്റ്റല്‍ ബാലറ്റ്, തൃശൂര്‍, നാട്ടിക മണ്ഡലങ്ങളിലെ ഇ.വി.എം, കൗണ്ടിങ് ഒബ്‌സര്‍വര്‍മാരായ മഹ്‌മൂദ് ഹസന്‍ ഇരിങ്ങാലക്കുട, പുതുക്കാട് ഇ.വി.എം, ബേദേംഗ ബിശ്വാസ് ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍ എന്നീ മണ്ഡലങ്ങളിലെ ഇ.വി.എം മെഷീനുകളുടെ വോട്ടെണ്ണലിന് മേല്‍നോട്ടം വഹിക്കും.