General

തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് താരം ചന്ദ്ര മോഹൻ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണം തെലുങ്ക് സിനിമയ്‌ക്ക് തീരാ നഷ്ടമാണെന്ന് പ്രമുഖർ അനുസ്മരിച്ചു. ജൂനിയർ എൻടിആറടക്കം നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്. തിങ്കളാഴ്ച ഹൈദരാബാദിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. 1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാർത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. ‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹൻ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് (1979) നേടി.
നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 1966ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മുതിർന്ന ചലച്ചിത്രകാരൻ കെ വിശ്വനാഥിന്‍റെ ബന്ധുവാണ് ചന്ദ്രമോഹൻ.
നടൻ ചന്ദ്രമോഹന്റെ വേർപാടിൽ അതീവ ദു:ഖിതനാണെന്ന് ജൂനിയർ എൻടിആർ സമൂഹമാദ്ധ്യത്തിൽ കുറിച്ചു. ചന്ദ്ര മോഹന് ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി സിനിമാ ലോകത്ത് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് സവിശേഷനായ അദ്ദേഹത്തിന്റെ മരണത്തിൽ വളരെ ദുഃഖമുണ്ട്. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകട്ടെ, എന്നുമായിരുന്നു എൻടിആറിന്റെ കുറിപ്പ്.