KERALAM

ചരിത്രപരമായ വിധി; ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചതോടെ ചരിത്രവിധിയാണ് ഉണ്ടായിരിക്കുന്നത്. പോക്സോ നിയമം ഭേദഗതി വരുത്തിയ ശേഷമുള്ള ആദ്യ വധശിക്ഷയാണിത്. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക. അതിന് മുൻപ് സുപ്രീം കോടതിയിൽ വരെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടായിരിക്കും. സുപ്രീം കോടതിയും വധശിക്ഷ തള്ളിയാൽ, രാഷ്ട്രപതിയെ ദയാഹർജിയുമായി സമീപിക്കാവുന്നതാണ്. ഇവിടെ വധശിക്ഷ ഇളവ് ചെയ്തില്ലെങ്കിൽ മാത്രമാണ് തൂക്കുകയർ നടപ്പാക്കുക.
ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 328, 364, 366എ, 367 വകുപ്പുകളിൽ പത്ത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് ബലമായി മദ്യം നൽകിയതിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകി. ഐപിസി 376, 377 വകുപ്പുകളിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയിൽ തെളിഞ്ഞിരുന്നു. പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.
26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബർ നാല് ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്‌ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സർക്കാർ ഡോക്ടർമാർ റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസിൽ ഇന്ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവിൽ കൊലക്കയർ തന്നെ കോടതി വിധിച്ചു. അഡ്വ ജി മോഹൻ രാജായിരുന്നു കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.