Sports

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ കുവൈറ്റിനെ പരാജയപ്പെടുത്തി

വ്യാഴാഴ്ച കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കുവൈറ്റിനെതിരായ 1-0 വിജയത്തോടെ ഇന്ത്യ ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ട് ആരംഭിച്ചു. കുവൈറ്റിന് പുറമെ ഖത്തറും അഫ്ഗാനിസ്ഥാനുമാണ് ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട മറ്റ് രണ്ട് ടീമുകൾ. 75-ാം മിനിറ്റിൽ സൂപ്പർ സബ് ലാലിയൻസുവാല ചാങ്‌തെ ഇടത് വിങ്ങിലൂടെ ഉജ്ജ്വലമായ റൺ നടത്തി ബോക്‌സിലേക്ക് നൽകിയ പാസിൽ മൻവീർ സിംഗ് നിർണായക ഗോൾ നേടി. കുവൈറ്റ് ടീമും മികച്ച പ്രകടനമാണ് നടത്തിയത് .
ഫിഫ റാങ്കിങ്ങിൽ 102-ാം സ്ഥാനത്തുള്ള ഇന്ത്യ, 136-ാം റാങ്കുകാരായ കുവൈറ്റിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത് . തുടർച്ചയായ തോൽവികളുടെ പശ്ചാത്തലത്തിൽ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ മാർഗനിർദേശത്തിന് കീഴിൽ കൃത്യമായ മുന്നൊരുക്കത്തോടെ ആണ് ഇന്ത്യൻ ടീം ഇറങ്ങിയത് . സമീപകാലത്ത് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന അൻവർ അലി, ജീക്‌സൺ സിംഗ് എന്നിവരെപ്പോലുള്ളവർ ഇല്ലെങ്കിലും ബ്ലൂ ടൈഗേഴ്‌സ് ശക്തമായ 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. മറുവശത്ത്, കുവൈറ്റിനെ പരിചയസമ്പന്നനായ ഡിഫൻഡർ ഫഹദ് അൽ-ഹജേരി നയിച്ചു. കളി കാണാനായി മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യക്കാരാണ് ഒഴുകി എത്തിയത്.