FEATURED

ശക്തരായ വനിതകളുടെ ഫോബ്സ് പട്ടിക പുറത്ത്; തുടർച്ചയായ അഞ്ചാം തവണയും പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ദില്ലി: ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിൽ, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സംഗീതജ്ഞ ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയുടെ ധനമന്ത്രിയായ നിർമ്മല സീതാരാമൻ ശ്രദ്ധ നേടി. നിർമ്മലാ സീതാരാമൻ കൂടാതെ ഇന്ത്യയിൽ നിന്ന് മൂന്ന് പേർ കൂടി പട്ടികയിൽ ഇടംപിടിച്ചു.
ഫോബ്‌സിന്റെ പട്ടികയിൽ 32-ാം സ്ഥാനത്താണ് നിർമ്മലാസീതാരാമൻ. എച്ച്‌സിഎൽ കോർപ്പറേഷന്റെ സിഇഒ റോഷ്‌നി നാടാർ മൽഹോത്ര 60-ാം സ്ഥാനത്തും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ സോമ മൊണ്ടൽ 70-ാം സ്ഥാനത്തും ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷാ 76-ാം സ്ഥാനത്തുമാണ് ഉള്ളത്.
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനത്തും എത്തി.
2019 മെയ് മാസത്തിൽ ആണ് നിർമ്മലാ സീതാരാമൻ രാജ്യത്തിൻറെ ധനമന്ത്രിയാകുന്നത്. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് അവർ യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്സ് അസോസിയേഷനിലും ബിബിസി വേൾഡ് സർവീസിലും ജോലി ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ അംഗമായും നിർമ്മലാ സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട്
.