നിറവ് 2023; പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി
തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ‘നിറവ് 2023’ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ചാണ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ അങ്കണത്തില്‍ നടക്കുന്ന നിറവ് 2023 പ്രദര്‍ശന വിപണന മേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റെജി തോമസ് അധ്യക്ഷത വഹിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കെസ്‌റു, ജോബ് ക്ലബ്, ശരണ്യ, നവജീവന്‍, കൈവല്യ തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളിലെ സംരംഭകരാണ് പ്രദര്‍ശന വിപണന മേളയില്‍ ഉല്‍പന്നങ്ങളുമായി എത്തിയിരിക്കുന്നത്. മനോഹരമായ മുത്തു കൊണ്ടുണ്ടാക്കിയ വാനിറ്റി ബാഗുകള്‍, പൂപാത്രങ്ങള്‍, നക്ഷത്രങ്ങള്‍, മറ്റ് കരകൗശല വസ്തുക്കള്‍, നെല്‍കതിര്‍ കൊണ്ടുണ്ടാക്കിയ കരകൗശല ഉല്‍പ്പന്നങ്ങള്‍, ഹോം മെയ്ഡ് കേക്കുകള്‍, വിവിധ കൂണ്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, സോപ്പ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശന വിപണമേളയില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് മേള. ഡിസംബര്‍ 23 ന് പ്രദര്‍ശന വിപണന മേള അവസാനിക്കും.
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍ വി സെമീറ, എംപ്ലോയിമെന്റ് ഓഫീസര്‍ (പി.എല്‍) ടി.ജി ബിജു, എംപ്ലോയിമെന്റ് ഓഫീസര്‍ (വി.ജി) എം. ഷാജു ലോനപ്പന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.എ സീനത്ത്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (എസ്.ഇ) ഇ. റെക്‌സ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.