General

ഓഹരി വിപണി; ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണവും ഇല്ല, നടപടിയുമില്ല; ഹരജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹരജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.
ആരോപണങ്ങളില്‍ പ്രത്യേകഅന്വേഷണം(എസ്.ഐ.ടി അന്വേഷണം) വേണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, സെബി അന്വേഷണം തുടരമാമെന്ന് വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് സെബിയോട് (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദേശിക്കാനാവില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
നേരത്തെ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ സംഭവം പരിശോധിക്കാന്‍ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. വിധി നരേന്ദ്രമോദി സര്‍ക്കാരിനും അദാനിക്കും ആശ്വാസമാണ്.