കടലിൽ ഉല്ലാസ ബോട്ട്; പിടിച്ചെടുത്ത് പിഴ ചുമത്തി
തൃശൂർ: കടലിൽ ഉല്ലാസ യാത്ര നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് സംഘം പിടിച്ചെടുത്തു പിഴ ചുമത്തി. അഴീക്കോട് നിന്ന് ഇന്ന് രാവിലെ പുറപ്പെട്ട എങ്ങണ്ടിയൂർ സ്വദേശി നാരായണ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓസ്ട്രീച്ച് ക്രൂയീസ് എന്ന പേരുള്ള ഇരുനില ഉല്ലാസ നൗക യാതൊരു വിധ അനുമതി പത്രമോ രേഖകളോ ഇല്ലാതെ കടലിലൂടെ സഞ്ചരിച്ചത്.
ചേറ്റുവ അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തു വെച്ച് സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ കടലിലൂടെ നീങ്ങുന്ന ഉല്ലാസ നൗക ശ്രദ്ധയിൽപ്പെട്ട ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻ്റ് പട്രോൾ ബോട്ട് സംഘം തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ അഴീക്കോട് പോർട്ട് കൺസർവേറ്ററുടെ അനുമതിയോ, അഴീക്കോട്, മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ അധികാരികളുടെ അറിവോ സമ്മതപത്രമോ ഇല്ലാതെയാണ് യാത്ര നടത്തിയതെന്ന് കണ്ടെത്തി.
രാജ്യസുരക്ഷയ്ക്കും, മനുഷ്യ ജീവനും ഭീഷണിയാകും വിധം കടലിലൂടെ സഞ്ചരിക്കാൻ പ്രാപ്തമല്ലാത്ത (സീ വർത്ത്നസ്സ്) ഉൾനാടൻ ജലാശയങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന കെട്ടുവള്ളം പരിശോധനയിൽ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ സ്റ്റാറ്റ് ലെറ്റ് നീരിക്ഷണ ക്യാമറയിൽ പതിഞ്ഞ നൗകയെ കോസ്റ്റ്ഗാർഡിൻ്റെ നിരീക്ഷണ ഹെലികോപ്റ്റർ എത്തി പരിശോധിച്ചിരുന്നു. അഴിക്കോട് പോർട്ട് ഓഫീസിൻ്റെ അനുമതിയില്ലാതെ കടലിലൂടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും വിധം സഞ്ചരിച്ചു വന്ന ഉല്ലാസനൗക മത്സ്യ ബന്ധന യാനമല്ലാത്തതിനാൽ കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകുകയും പിഴ ഒടുക്കി ഉല്ലാസ നൗക ഉടമക്ക് വിട്ടു കൊടുത്തു.
സുരക്ഷ പരിശോധനകൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ഇ ഡി ലിസ്സിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. സംഘത്തിൽ മറൈൻ എൻഫോഴ്സ്മെൻ്റ് ആന്റ് വിജിലൻസ് വിങ്ങിലെ ഉദ്യോഗസ്ഥരായ ഇ ആർ ഷിനിൽകുമാർ , വി എ പ്രശാന്ത് കുമാർ , വി എം ഷൈബു , സീ റെസ്ക്യൂ ഗാർഡ്മാരായ ഷെഫീക്ക് , പ്രമോദ് ,ബോട്ട് സ്രാങ്ക് റഷീദ്, ഡ്രൈവർ കെ എം അഷറഫ് എന്നിവർ ഉണ്ടായിരുന്നു. വരുംദിവസങ്ങളിൽ പരിശോധ ശക്തമാക്കും എന്നും ആധാർ അടക്കമുള്ള രേഖകൾ പരിശോധിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. വി സുഗന്ധ കുമാരി അറിയിച്ചു.