അരിമ്പൂരില്‍ ഹരിത കര്‍മ്മസേനയ്ക്ക് സ്വന്തമായി ബെയിലിംഗ് മെഷീന് സജ്ജം
തൃശൂർ: അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ ബെയിലിംഗ് മെഷീന് പ്രവര്‍ത്തനമാരംഭിച്ചു. ധനകാര്യ കമ്മീഷന് ഗ്രാന്റ്, സ്വച്ച് ഭാരത് മിഷന് ഫെയ്സ് രണ്ട് തുടങ്ങിയവയില്‍ നിന്ന് 5 ലക്ഷം രൂപ ചെലവിലാണ് ബെയിലിംഗ് മെഷീന് ഒരുക്കിയത്. അരിമ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബെയിലിംഗ് മെഷീന് വഴി ഞെരുക്കി ചുരുക്കി കെട്ടുകളാക്കി വെക്കുന്നതിലൂടെ എംസിഎഫ് കേന്ദ്രത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്ന സാഹചര്യത്തിന് വലിയ പരിഹാരമാവും. കൂടാതെ മാലിന്യം ഒഴിവാക്കുമ്പോള്‍ ഒറ്റതവണ പരമാവധി കൈമാറാനും സാധിക്കും. എംസിഎഫില്‍ മാലിന്യം സൂക്ഷിക്കുന്നതിന് കൂടുതല്‍ സ്ഥല സൗകര്യവും ലഭിക്കും.
അരിമ്പൂര്‍ പഞ്ചായത്തില്‍ 21 പേരടങ്ങുന്ന ഹരിതകര്‍മ്മസേനയാണ് പ്രവര്‍ത്തിക്കുന്നത്. നാല് സംഘമായി തിരിഞ്ഞ് മാലിന്യ ശേഖരണം നടത്തുന്നു. നിലവില്‍ മാസത്തില്‍ 15 ദിവസം മാലിന്യ ശേഖരണവും ബാക്കി 15 ദിവസം തരം തിരിക്കലും എന്ന രീതിയിലാണ് പ്രവര്‍ത്തനം. ശേഖരണ മികവിനായി ഇലക്ട്രിക് വാഹനം, വെയിംഗ് മെഷീന്, ട്രോളി തുടങ്ങിയവും പൂര്‍ണസജ്ജമാണ്.
കുന്നത്തങ്ങാടിയില്‍ വെളുത്തൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഹരിതകര്‍മ്മ സേനയുടെ എംസിഎഫില്‍ സ്ഥാപിച്ച ബെയിലിംഗ് മെഷീന് പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിത അജയകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി ജി സജീഷ് അധ്യക്ഷനായി. ജില്ലാ ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ കെ വി രജനീഷ് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ ഷിമി ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ ഷാജി, അസിസ്റ്റന്റ് സെക്രട്ടറി റെസി റാഫേല്‍, എച്ച് ഐ മഹേന്ദ്ര സി എം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സി ഡി എസ് പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.