KUWAITMIDDLE EAST

അംങ്കാര ബാച്ചിലർ സിറ്റിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഫ്രൈഡേഫോറം കുവൈറ്റ്

കുവൈറ്റ് : ഫ്രൈഡേഫോറം കുവൈറ്റ് നജാത്ത് ചാരിറ്റിയുടെയും ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെ അംങ്കാര ബാച്ചിലർ സിറ്റിയിൽ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായുള്ള വാർഷിക പരിപാടിയാണിത്. ഇന്ത്യൻ ഡെന്റൽ അലയൻസ് കുവൈറ്റും ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷനും ക്യാമ്പിൽ പങ്കാളിത്തം വഹിച്ചു.

വിവിധ സ്‌പെഷ്യാലിറ്റികളിൽ നിന്നുള്ള 25 ഡോക്ടർമാർ, ഫാർമസിസ്‌റ്റുകൾ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ഇ.സി.ജി., അൾട്രാസൗണ്ട് സ്‌കാനിംഗ്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകൾക്കുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിരുന്നു. സൗജന്യ മരുന്നുകളും വിതരണം ചെയ്തു. 700 ഓളം പേർ ക്യാമ്പിലെ സേവനം പ്രയോജനപ്പെടുത്തി.

ഇന്ത്യൻ എംബസിയിലെ ലേബർ വെൽഫെയർ ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ മുഖ്യാതിഥിയായ ഉദ്ഘാടന ചടങ്ങിൽ ഇസ്‌ലാമിക് പ്രസന്റേഷൻ കമ്മിറ്റി മാനേജർ അമ്മാർ അൽകന്ദരി, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ.ദിവാകർ, ഫ്രൈഡേ ഫോറം കുവൈത്ത് പ്രസിഡന്റ് മുഹമ്മദ് ഷബീർ, ഡോ. അമീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.