കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനക്കെതിരെ ധീവരസഭ
തൃപ്രയാർ: കോൺഗ്രസ് നേതൃത്വത്തിൻ്റെ അവഗണനയിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ”തിരഞ്ഞെടുപ്പ് രംഗത്ത് മറ്റ് സമുദായ സംഘടനകളെ പരിഗണിക്കുന്ന പാർട്ടികൾ ധീവരസമുദായത്തെ പൂർണ്ണമായും അവഗണിക്കുന്നത് ഇനിയും വെച്ച്പൊറുപ്പിക്കാനാവില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒട്ടനവധി അവഗണനകൾഅനുഭവിച്ചിട്ടുള്ള ഒരു സമൂഹമാണ് ധീവരസമൂഹം. കേരളത്തിലെ ജനസംഖ്യയിൽ നിർണ്ണായക ശക്തിയുള്ള ഒരുസമൂഹമെന്നുള്ളത് പലരും വിസ്മരിക്കുന്നു. കേരളത്തിലെ നിരവധി അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുകയും, സ്വന്തം സമുദായത്തിന്റെഅവകാശങ്ങൾ നേടിയെടുക്കുവാനും, മറ്റു അശരണ വിഭാഗങ്ങളുടെ ജീവിക്കുവാനുള്ള അവകാശങ്ങൾ നേടിയെടുക്കുവാൻ തോളോട് തോൾ ചേർന്ന് നിൽക്കുവാനും വിജയം വരിക്കുവാനും കഴിഞ്ഞത് ധീവര സമുദായത്തിന്റെ കൂടെ കരുത്തു കൊണ്ടാണ്. ആ കരുത്ത് ഇന്നും ഉണ്ട് എന്നത് ആരും മറക്കരുത്. 2019ലെപാർലിമെന്റ് ഇലക്ഷനിലാണ് തൃശൂരിൽ നിന്നും ആദ്യമായി ഒരു സമുദായാംഗത്തിന് മത്സരിക്കുവാൻ ലോകസഭയിലേക്ക് ഒരു സീറ്റ് കോൺഗ്രസ് പാർട്ടി നൽകിയത്. 2024 ആയപ്പോൾ ആ സീറ്റ് തിരിച്ചെടുത്തു.
കേരളത്തിലെ പത്തു പാർലിമെന്റ് മണ്ഡലങ്ങളിൽ നിർണ്ണായകസ്വാധീനമാണ് ധീവരസമൂഹത്തിനുള്ളത്. ഈസമൂഹത്തെ ഏത് രാഷ്ട്രിയ പാർട്ടിയാണോ അംഗീകരിക്കുന്നത് അവരെ സഹായിക്കുന്ന നിലപാടായിരിക്കും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുക. സഹായിക്കുന്നവരെ തിരിച്ചിറിയാനും, അവഗണിക്കുന്നവരെയും ഉപദ്രവിക്കുന്നവരെയും അകറ്റി നിർത്തുവാനും, അതിനെതിരെ പ്രതികരിക്കാനും ഈ സമൂഹം പ്രാപ്തരാണ്. എല്ലാ സാമുദായിക സന്തുലനങ്ങളും പാലിച്ചാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടികയെന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ അവകാശവാദംതികച്ചും പൊള്ളയാണ്. നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരാളെ മറ്റു ന്യായങ്ങൾ പറഞ്ഞ് മറ്റെന്തോ ഉദ്ദേശത്തിനാണ് ഒഴിവാക്കിയത്. ഇത് കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലത്തിലും പ്രതിഫലിക്കും. ധീവരസഭ പരസ്യമായി പിന്തുണച്ച സമയത്ത് ബഹുഭൂരിപക്ഷം തീരദേശ സീറ്റിലും വിജയിച്ച ചരിത്രവുമുണ്ടായിട്ടുണ്ട്. സമുദായത്തെ അവഗണിക്കുന്നതിൻ്റെ ഫലമാണ് ഇപ്പോൾ തെരഞ്ഞെടുപ്പിൽ കാണുന്ന തിരിച്ചടികൾ. ഇത് മനസ്സിലാക്കാൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറായി തെറ്റ് തിരുത്തണം. അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും.” എന്ന് ധീവരസഭ പ്രതിക്ഷേധ കുറിപ്പിൽ വ്യക്തമാക്കി .
ധീവരസഭ ജില്ലാ പ്രസിഡന്റ് കെ.വി.തമ്പി അധ്യക്ഷത വഹിച്ച പരിപാടിയിൽ അഖില കേരള ധീവരസഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.വി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ശ്രീജിത്ത് ആമുഖ പ്രഭാഷണം നടത്തി. യു.എം. സുബ്രഹ്മണ്യൻ
വെങ്കിടേഷ് , യു. ബി. മണികണ്ഠൻ , ബാബു കുന്നുങ്ങൽ ,ജയൻ കാര എന്നിവർ പ്രസംഗിച്ചു.യു.എ. ഉണ്ണികൃഷ്ണൻ , കെ.ടി. കുട്ടൻ, ഇത്തിക്കാട്ട് ബാലൻ,ശകുന്തള കൃഷ്ണൻ, ഹേമ തമ്പി, മണികണ്ഠൻ സി.കെ ,വിജയൻ പനക്കൽ ,എൻ.ആർ പ്രശാന്ത്, വേണു ചാമക്കാല എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.